ഗുവാഹത്തി: അസാമിൽ 9 ദിവസം കൊണ്ട് 20 ലക്ഷം പേർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ഇത്രയധികം പേർ ഒന്നിച്ച് ദേശീയതയുടെ ഭാഗമായത്. ഇതിന് മുമ്പ് 2019 ലാണ് ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ ബിജെപി സംഘടിപ്പിച്ചത്. അന്ന് ഒന്നര മാസം കൊണ്ട് 18 ലക്ഷം പേരാണ് അസാമിൽ അംഗത്വം സ്വീകരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ കക്ഷിയായ ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സെപ്തംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. പത്ത് ദിവസം പിന്നിടുമ്പോൾ രണ്ട് കോടിയിലധികം പേരാണ് ഇതുവരെ അംഗത്വം സ്വീകരിച്ചത്. ഇതിന് മുമ്പ് 2014ലും 2019ലും ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. 2014 ല്‍ നടന്ന ക്യാമ്പയിനിലൂടെ 11 കോടി പേര്‍ ബിജെപിയിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായതും ഈ കാലഘട്ടത്തിലാണ്. 2014ലാണ് ബിജെപി ഓണ്‍ലൈന്‍ അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചത്. 2019ല്‍ ഏഴ് കോടി പേരാണ് പുതിയ അംഗങ്ങളായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
പ്രാഥമിക അംഗത്വവിതരണത്തിന്റെ ആദ്യഘട്ടം സപ്തംബര്‍ 2 മുതല്‍ 25 വരെയും രണ്ടാംഘട്ടം ഒക്ടോബര്‍ 1 മുതല്‍ 15 വരെയുമാണ്. ഒക്ടോബര്‍ 16 മുതല്‍ 31 വരെ സജീവ അംഗത്വ ക്യാമ്പയിന്‍ നടക്കും. നവംബര്‍ ഒന്നു മുതല്‍ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റര്‍ തയാറാക്കും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്തും നമോ ആപ്പ് വഴിയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പാര്‍ട്ടി വെബ്‌സൈറ്റിലൂടെയും അംഗങ്ങളാകാം. രാജ്യത്തെ ഏത് പൗരനും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്കാനുമുള്ള അവസരമാണിത്.
2047ല്‍ ഭാരതത്തെ സമ്പൂര്‍ണ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനൊപ്പം ബിജെപി മുന്നോട്ടുവയ്‌ക്കുന്ന ആശയവുമായി ജനങ്ങളെ ബന്ധിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ അംഗത്വ ക്യാമ്പയിന്റെ പ്രധാനലക്ഷ്യം.















