കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. കേസിൽ രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യംകിട്ടി. അതേസമയം ഒന്നാം പ്രതി പദ്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി.
സ്ത്രീയെന്ന പരിഗണന മുൻ നിർത്തിയാണ് അനിതകുമാരിക്ക് ജാമ്യം ലഭിച്ചത്. 2023 നവംബറിലാണ് ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവർ ചേർന്ന് പണം തട്ടിയെയെടുക്കാൻ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മൂന്ന് പ്രതികളും പൊലീസിന്റെ പിടിയിലായിരുന്നു.
എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാലാമത് ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. അതിനാലാണ് തുടരന്വേഷണത്തിനായി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷ അംഗീകരിച്ച കോടതി 10 ദിവസത്തിനുള്ളിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.