കണ്ണൂർ: രാഷ്‌ട്രീയത്തിന് അതീതമായി പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിയാണ് പി.പി മുകുന്ദേട്ടൻ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ ബിജെപി കണ്ണൂർ ജില്ലാ ഘടകം സംഘടിപ്പിച്ച സ്വർഗ്ഗീയ പി. പി. മുകുന്ദൻ സ്മൃതിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരാർജിയും മുകുന്ദേട്ടനും എന്റെ വാടക വീട്ടിലേക്ക് സന്ദർശകരായി വരുന്ന കാലത്താണ് അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ട് ഒരു പക്ഷെ മനസിൽ സ്ഥാപിച്ചുപോയത്. വലിയ അനുഗ്രഹമായി 2024 ജൂൺ മാസം മാറിയപ്പോൾ ആ അനുഗ്രഹം സന്തോഷത്തോടെ ഹൃദയത്തിലേറ്റാൻ മുകുന്ദേട്ടൻ ഉണ്ടാകുന്നില്ല എന്നത് വ്യക്തിപരമായ വലിയ നഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മുകുന്ദേട്ടൻ അൽപകാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഒരുപാട് സന്തോഷമുഹൂർത്തത്തിന് ഭാഗമായി സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകാമായിരുന്നു എന്ന് കഴിഞ്ഞ വർഷം ഒരു അനുസ്മരണത്തിൽ പ്രസംഗിച്ച കാര്യവും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.
പിപി മുകുന്ദൻ എന്ന വ്യക്തിക്ക് രാഷ്‌ട്രീയത്തിന് അതീതമായ സ്‌നേഹാഞ്ജലിയാണ് കേരളം നൽകുന്നത്. തീരാനഷ്ടം എന്നൊക്കെ എല്ലാവരും പറയും, ശരിക്കും തീരാനഷ്ടം തനിക്ക് തന്നെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്‌ട്രീയമായി ഒരു നിശ്ചയവും ഇല്ലാതായിരുന്ന കാലത്ത് പല നിശ്ചയങ്ങളും നാട്ടുകാരൊക്കെ സ്വന്തം താൽപര്യത്തിന് അനുസരിച്ച് ഉറപ്പിച്ചിരുന്ന കാലത്ത് ലീഡറുമായും നയനാരുമായുമൊക്കെ അടുപ്പം ഉണ്ടായിരുന്ന കാലത്ത് പോലും വീട്ടിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു മുകുന്ദേട്ടൻ.
അന്ന് എനിക്ക് വാടകവീടാണ്. അവിടെ വരും. സിനിമയിൽ ആദ്യം വരുന്ന 86-88 കാലത്താണ് മുകുന്ദേട്ടനെ ആദ്യമായി പരിചയപ്പെടുന്നത്. മേനകാ സുരേഷ് കുമാർ എന്ന സുരേഷേട്ടനാണ് അതിന് വഴിയൊരുക്കിയത്. ഓർമ്മ ശരിയാണെങ്കിൽ 88 ലാണ്. കലൂർ നാഷണൽ സ്‌റ്റേഡിയം നിർമാണം തുടങ്ങിയിട്ടില്ല. ആ സ്ഥലത്ത് 25000 കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ച് മൂന്നോ നാലോ ദിവസം നടന്ന ബാലഗോകുലത്തിന്റെ ക്യാമ്പ് അത് ഉദ്ഘാടനം ചെയ്യാൻ എന്നെ നിശ്ചയിച്ചു. പക്ഷെ എത്താൻ കഴിഞ്ഞില്ല, സമാപനത്തിന് എത്തണമെന്ന് വിചാരിച്ചെങ്കിലും സമയത്തിന് അതിനും എത്താൻ കഴിഞ്ഞില്ല.
രാത്രി വൈകി എറണാകുളത്ത് ഭാസ്‌കരീയത്തിലെത്തി. അവിടെ നിന്ന് കഞ്ഞിയും പയറുമൊക്കെ തന്ന് എന്റെ കൈ പിടിച്ചുകൊണ്ടുപോയി സ്‌റ്റേഡിയത്തിലെത്തി. അവിടെ ക്യാമ്പിൽ ബാക്കിയുണ്ടായിരുന്ന കുഞ്ഞുങ്ങളെ മാത്രം അഭിസംബോധന ചെയ്തു സംസാരിച്ചു. അവിടെ നിന്നാണ് തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് മാനസീകമായി തുടക്കം കുറിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
അതിന് ശേഷവും അദ്ദേഹം ഒരിക്കലും എന്റെ പ്രസ്ഥാനത്തിലേക്ക് വന്നു ചേരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുണ്ടായ വ്യംഗ്യം മുഴുവൻ എന്റെ ആള്, അദ്ദേഹത്തിന്റെ സംഘത്തിന്റെ ആള് എന്ന തരത്തിലുളള ഒരു പെരുമാറ്റമാണ് ഉണ്ടായിട്ടുളളത്. പല വീഴ്ചകൾ സംഭവിച്ചപ്പോഴും പല വ്യക്തിമുഹൂർത്തങ്ങളിലും സന്തോഷങ്ങൾ സംഭവിച്ചിട്ടുളളപ്പോഴും ഒരു അച്ഛനെപ്പോലെയോ വലിയച്ഛനെപ്പോലെയോ ഒക്കെ വന്നു ചേർന്ന മഹാദേഹമാണ് പിപി മുകുന്ദനെന്ന് സുരേഷ് ഗോപി പറഞ്ഞു. വളരെ ആധികാരികമായ ഇടപെടലുകൾ എന്റെ ജീവിതത്തിൽ നടത്തിയ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.