കോഴിക്കോട്: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നടന്ന പിപി മുകുന്ദൻ അനുസ്മരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മറുപടി നൽകിയത്. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനൽ സ്വഭാവമാണ് കാണിക്കുന്നതെന്നും കുറ്റം പറയുന്നവർ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോൾ പോസ്റ്റ്മോർട്ടം നടത്തുന്നവർ യോഗ്യരാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
“ഈ സന്ദർശനത്തെ, കൂടിക്കാഴ്ചയെ, വിമർശിക്കാൻ അർഹതയുള്ള ഒരാളെങ്കിലും ഈ കേരളത്തിലുണ്ടോ? ആരാണ് ഈ രാഷ്ട്രീയ വൈരുദ്ധ്യം കൽപ്പിക്കുന്നത്? ജനാധിപത്യം എല്ലാ രാഷ്ട്രീയക്കാർക്കുമുള്ളതാണ്. തൊട്ടുകൂടായ്മ കൽപ്പിക്കുന്നവരും ക്രിമിനലുകളാണ്. നിലവിലെ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ അർഹതയുള്ള ആരും തന്നെ മറുപക്ഷത്തില്ല. ഈ സംഭവവികാസങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യുന്നവരും, വിശകലനം ചെയ്യുന്നവരും യോഗ്യരാണോ? കൈനീട്ടി പിടിച്ച് ശുദ്ധമാണെന്ന് ഞാൻ പറയില്ല, പകരം ഹൃദയം തൊട്ടുപറയും, അത് ശുദ്ധമാണ്. ” – സുരേഷ് ഗോപി പറഞ്ഞു.