കോഴിക്കോട്: വടകരയിലെ വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ നഷ്ടപരിഹാരം ലഭിക്കാത്തത് നീതികരിക്കാനാകാത്തതെന്ന് കോടതി പറഞ്ഞു. ആവശ്യമായ ചികിത്സാ സഹായം നൽകാനും നിർദ്ദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കമാണ് നിർദേശം നൽകിയിരിക്കുന്നത്. നഷ്ടപരിഹാരത്തിനായുള്ള സഹായങ്ങൾ കേരളാ സ്റ്റേറ്റ് ലീഗൽ അതോറിറ്റി (കെൽസ) യും നൽകണം. സബ് കളക്ടറെയും കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. കേസ് ഹൈക്കോടതി ചൊവ്വാഴ്‌ച്ച വീണ്ടും പരിഗണിക്കും.
നേരത്തെ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസുമാരായ അനിൽ, കെ നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവരാണ് കേസെടുത്തത്. കുട്ടിയെ ഇടിച്ചിട്ട കാർ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു സംഭവം. ചെറാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ പെൺകുട്ടിയെയും മുത്തശ്ശിയേയും കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മുത്തശ്ശി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആറുമാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമയിലാണ്.