” ഞാൻ സുരേഷ് ഗോപിയുടെ ഫാനാ.. ക്ലാസിലുള്ളവരും ടീച്ചർമാരും ഞെട്ടണം, സുരേഷ് ഗോപിക്കൊപ്പമുള്ള ഫോട്ടോ വേണം.”- കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കട്ട ഫാനായ നാലുവയസുകാരി ശ്രേഷ്ഠ നിപിന്റെ വാക്കുകൾ മലയാളികൾ മറക്കാനിടയില്ല. അവളുടെ നിഷ്കളങ്കമായ സംസാരം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് സുരേഷ് ഗോപിയും വാക്ക് നൽകിയിരുന്നു. നാലുവയസുകാരിയുടെ ആഗ്രഹം ഇപ്പോൾ സഫമായിരിക്കുകയാണ്. തനിക്കേറെ പ്രിയപ്പെട്ട നടനെ കണ്ടതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് കുറ്റ്യാടി കായക്കൊടി എൽപി സ്കൂൾ വിദ്യാർത്ഥിനിയായ ശ്രേഷ്ഠ നിപിൻ.
പൊതുപരിപാടിയിൽ പങ്കെടുക്കാനായി സുരേഷ് ഗോപി കോഴിക്കോട് എത്തിയപ്പോഴാണ് തന്റെ കട്ട ഫാനിനെ കണ്ടുമുട്ടിയത്. മാതാപിതാക്കളുടെ കൈ പിടിച്ച് സുരേഷ് ഗോപിയുടെ അടുത്തെത്തിയപ്പോൾ കുഞ്ഞാരാധിക സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു. ശ്രേഷ്ഠയോട് അദ്ദേഹം ഒരുപാട് വിശേഷങ്ങൾ ചോദിച്ചു. തന്റെ ഫാനാണോയെന്ന ചോദ്യത്തിന് അതെയെന്ന് അവൾ തലകുലുക്കി. ഒരച്ഛന്റെ വാത്സല്യമെന്നോണം അദ്ദേഹം ശ്രേഷ്ഠയുടെ നെറ്റിയിൽ ചുംബിച്ചു.
കുഞ്ഞാരാധികയ്ക്ക് ഓണക്കോടിയായി പട്ടുപാവാടയും സുരേഷ് ഗോപി സമ്മാനിച്ചു. പിന്നാലെ സുരേഷ് ഗോപിക്ക് ലഭിച്ച പൂച്ചെണ്ടുകളും പൊന്നാടയും അദ്ദേഹം ശ്രേഷ്ഠ കുട്ടിയെ അണിയിച്ചു. ടീച്ചർമാരെ ഞെട്ടിക്കാൻ തന്റെ ഫോട്ടോയും അദ്ദേഹം അവൾക്ക് സമ്മാനിച്ചു. തന്റെ പ്രിയ താരത്തിന് സമ്മാനിക്കാൻ ശ്രേഷ്ഠയും സ്നേഹ സമ്മാനം കരുതിയിരുന്നു.
കൈ നിറയെ സമ്മാനങ്ങളുമായി കാറിൽ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും പിതാവ് വീണ്ടും മകളോട് ഓരോ വിവരങ്ങൾ തിരക്കി. ” പൊളിച്ചു, എല്ലാം പൊളിച്ചു. സുരേഷ് ഗോപി വന്നാൽ ഇനിയും കാണാൻ പോകും. പട്ടുപാവാട ഞാൻ ഓണത്തിന് ഇടും.”- ചെറു പുഞ്ചിയോടെ ശ്രേഷ്ഠ മറുപടി നൽകി.