കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം. മധ്യ അഫ്ഗാനിലെ ദൈകുന്ദി പ്രവിശ്യയിൽ തോക്കുധാരിയായ ഒരു കൂട്ടം അജ്ഞാതരെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. ഷിയ മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആക്രമണ വിവരം താലിബാൻ സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ഘോറിൽ നിന്ന് ദൈകുന്ദിയിലേക്ക് പോവുകയായിരുന്ന ആളുകളെയാണ് ആക്രമിച്ചത്. ഭീകരാക്രമണത്തിനായി മെഷീൻ ഗണ്ണുകളാണ് ഉപയോഗിച്ചതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിലെ സുരക്ഷിതമായ പ്രവിശ്യയെന്ന് കരുതപ്പെട്ടിരുന്ന പ്രദേശത്താണ് ഭീകരാക്രമണമുണ്ടായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിരപരാധികൾ കൊല്ലപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും നീതി നടപ്പിലാക്കാനും നടപടികൾ ആരംഭിച്ചതായും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പ്രതികരിച്ചു.















