ന്യൂഡൽഹി: കാണ്ഡഹാർ വിമാനറാഞ്ചലിന്റെ ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അന്ന് പാക് ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തന്റെ പിതാവ് കെ. സുബ്രഹ്മണ്യനും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1984ൽ ഭീകരർ വിമാനം റാഞ്ചിയ സമയത്ത് നയതന്ത്രമേഖലയിൽ യുവ ഉദ്യോഗസ്ഥനായിരുന്നു താൻ. അന്ന് ബന്ദികളെ വിട്ടുകിട്ടാൻ നടത്തിയ ചർച്ചകളിൽ താനും ഭാഗമായിരുന്നു. ചർച്ചകൾ ആരംഭിച്ച് 3-4 മണിക്കൂർ പിന്നിട്ടപ്പോഴാണ് വിമാനത്തിൽ ബന്ദികളാക്കപ്പെട്ടവരിൽ തന്റെ പിതാവുമുണ്ടെന്ന് അറിഞ്ഞത്. അന്നത്തെ സംഭവത്തിൽ ഭാഗ്യവശാൽ ആർക്കും ജീവഹാനി സംഭവിച്ചില്ല. തന്നെ സംബന്ധിച്ചിടത്തോളം ആ വിമാനറാഞ്ചൽ സംഭവത്തിന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു. വിമാനം റാഞ്ചിയവരോട് ചർച്ച നടത്തുന്നതിന്റെ ഭാഗമാകാൻ തനിക്ക് കഴിഞ്ഞു. ഒപ്പം തന്നെ, വിമാനത്തിലെ യാത്രക്കാരുടെ കുടുംബാംഗമായതിനാൽ ബന്ദികളെ അതിവേഗം വിട്ടുകിട്ടാൻ കേന്ദ്രസർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനും തനിക്ക് സാധിച്ചുവെന്ന് എസ് ജയശങ്കർ പറഞ്ഞു.
അതേസമയം കാണ്ഡഹാർ വിമാന റാഞ്ചൽ പ്രമേയമാക്കി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയിരിക്കുന്ന സീരീസിനെക്കുറിച്ചുള്ള വിവാദങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. സീരീസ് ഇതുവരെയും കണ്ടില്ല, അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് അഭിപ്രായം പറയാനുമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
1984ൽ ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനമായിരുന്നു ഭീകരർ റാഞ്ചിയത്. 176 യാത്രക്കാരുണ്ടായിരുന്ന വിമാനം ഏഴുദിവസത്തോളം ഭീകരരുടെ പക്കലായിരുന്നു. മസുദ് അസർ അടക്കം കൊടുംകുറ്റവാളികളായ മൂന്ന് ഭീകരരെ മോചിപ്പിച്ചതോടെയായിരുന്നു ബന്ദികളായ യാത്രക്കാരെ തിരികെ ലഭിച്ചത്.