തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരേ തൃശൂർ ടൈറ്റൻസിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ആലപ്പി മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യം 12.4 ഓവറിൽ മറികടന്നാണ് തൃശൂർ ജയം സ്വന്തമാക്കിത്.
45 പന്തിൽ നിന്നും 17 സിക്സും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ വിഷ്ണു അടിച്ചു കൂട്ടിയത് 139 റൺസാണ്. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറി നേട്ടത്തിനും വിഷ്ണു അർഹനായി. 33 പന്തിൽ നിന്ന് 12 സിക്സും നാലു ഫോറും ഉൾപ്പെടെയാണ് സെഞ്ചുറി സ്വന്തമാക്കിയത്.
13 ാം ഓവറിലെ രണ്ടാം പന്തിൽ വിഷ്ണുവിനെ ടി.കെ അക്ഷയ് ആനന്ദ് ജോസഫിന്റ കൈകളിലെത്തിച്ചപ്പോൾ തൃശൂരിന്റെ സ്‌കോർ 180 ലെത്തിയിരുന്നു. വിഷ്ണുവാണ് പ്ലയർ ഓഫ് ദ മാച്ച്. ടോസ് നേടിയ തൃശൂർ ആലപ്പിയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു.
ഓപ്പണർമാർ തീർത്ത സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ 20 ഓവറിൽ റിപ്പിൾസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മുഹമ്മദ് അസ്ഹറുദ്ദീൻ കൃഷ്ണപ്രസാദ് കൂട്ടുകെട്ട് 14 ഓവറിൽ 123 റൺസ് ആലപ്പിയുടെ സ്‌കോർ ബോർഡിൽ ചേർത്ത ശേഷമാണ് പിരിഞ്ഞത്.
സ്‌കോർ 17.1 ഓവറിൽ 150-ൽ നില്ക്കെ ക്യാപ്റ്റൻ അസ്ഹറുദീനെ നഷ്ടമായി. 53 പന്തിൽ നിന്ന് ആറു സിക്സറുകളും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 90 റൺസെടുത്ത അസ്ഹറുദീനെ മോനു കൃഷ്ണയുടെ പന്തിൽ വരുൺ നായനാർ പിടികൂടുകയായിരുന്നു. നീൽ സണ്ണി (പൂജ്യം), അതുൽ ഡയമണ്ട് (20), അക്ഷയ് ചന്ദ്രൻ (ഒന്ന്) എന്നിവർ വേഗത്തിൽ പുറത്തായപ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 181 എന്ന നിലയിൽ ആലപ്പിയുടെ ഇന്നിംഗ്സ് അവസാനിച്ചു.
182 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് ഓപ്പണർമാരായ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും സ്വപ്നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. എട്ട് ഓവറിൽ 104 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യത്തെ പിരിക്കാൻ കഴിഞ്ഞത്. 10 ഓവർ പിന്നിട്ടപ്പോൾ തൃശൂർ സ്‌കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 137 എന്ന നിലയിലെത്തിയിരുന്നു. പിന്നീട് മൂന്ന് ഓവറിനുള്ളിൽ തൃശൂർ വിജയം സ്വന്തമാക്കി. അക്ഷയ് മനോഹർ (16), അഭിഷേക് പ്രതാപ് (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.