ദുബായ്: ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും. എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാഹനങ്ങളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഏതെങ്കിലും ഹെവി വാഹനങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സംയുക്ത പട്രോളിങ് യൂണിറ്റുകൾ പിഴ ചുമത്തും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ്, റാസൽ ഖോർ റോഡ്, അൽ മക്തൂം എയർപോർട്ട് റോഡ്, ദുബായ്-അൽ ഐൻ റോഡ് എന്നീ റോഡുകളിലാണ് യൂണിറ്റിനെ വിന്യസിച്ചിരിക്കുന്നത്.
ദുബായ് പൊലീസും ആർടിഎയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് സംയുക്ത പട്രോളിങ് യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്. ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ 5 വർഷത്തെ എക്സിക്യൂട്ടീവ് പ്ലാൻ നടപ്പിലാക്കുകയാണ് ലക്ഷ്യം. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് പട്രോൾ യൂണിറ്റുകൾ ഉറപ്പാക്കുമെന്നും ഹെവി വാഹനങ്ങളുടെ ശരിയായ മെക്കാനിക്കൽ അറ്റകുറ്റപ്പണി ഉറപ്പ് വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ടയർ സുരക്ഷ, സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ലൈറ്റിങ് കാര്യക്ഷമത, ഓവർലോഡിങ്, ചരക്ക് നീണ്ടുനിൽക്കൽ, സാധുവായ ലൈസൻസോ പെർമിറ്റോ ഇല്ലാതെ വാഹനമോടിക്കുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധനകൾ ശക്തമാക്കും.













