ഭൂമിയുടെ സ്വന്തം ചന്ദ്രന് ഒരു ‘ചങ്ങാതി’ വരുന്നു. ഏതാണ്ട് രണ്ട് മാസത്തോളം സമയം ചന്ദ്രന് കൂട്ടായി മറ്റൊരാൾ കൂടി ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുണ്ടാകുമെന്നാണ് ഗവേഷകർ അറിയിക്കുന്നത്.
‘2024 PT5’ എന്ന പേരിലുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നതായി ഓഗസ്റ്റ് ഏഴിന് കണ്ടെത്തിയിരുന്നു. ഛിന്നഗ്രഹങ്ങളുടെ വരവ് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകുന്നതിനായി നാസയുടെ കീഴിൽ പ്രവർത്തിക്കുന്ന ATLAS (Asteroid Terrestrial-Impact Last Alert System) എന്ന സംവിധാനമാണ് കുഞ്ഞൻ ചന്ദ്രൻ വരുന്നുണ്ടെന്ന കാര്യം കണ്ടെത്തിയത്.
ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ ഫലമായി സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയുള്ള കാലയളവിൽ 2024 PT5 ഭൂമിയെ ഭ്രമണം ചെയ്യും. 33 അടി വ്യാസം മാത്രമുള്ള ഛിന്നഗ്രഹമാണിത്. ഭൂമിയെ ഭ്രമണം ചെയ്യാൻ ആരംഭിച്ച് 53 ദിവസം പിന്നിടുമ്പോൾ 2024 PT5 ഭൂമിയുടെ കാന്തികവലയത്തിൽ നിന്ന് അകന്നുപോകുകയും ചെയ്യും. അതായത്, സാധാരണ ഛിന്നഗ്രഹങ്ങളെ പോലെ 2024 PT5 ഭൂമിയിൽ ഇടിച്ചിറങ്ങില്ലെന്നതാണ് സവിശേഷത.
വളരെ കുറച്ച് പ്രകാശം മാത്രമാണ് 2024 PT5ന് ഉണ്ടാവുക എന്നതിനാൽ ഇതിനെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയില്ല. 56 ദിവസത്തിന് ശേഷം ഭൂമിയോട് വിടപറയുന്ന 2024 PT5 അടുത്തവർഷം ജനുവരിയിൽ വീണ്ടും ചന്ദ്രന് കൂട്ടായി എത്തുന്നതാണ്. പെട്ടെന്ന് തന്നെ വീണ്ടും വിടവാങ്ങുമെങ്കിലും 2055ൽ ഭ്രമണപഥത്തിലേക്ക് തിരിച്ചുവരുമെന്ന് ഗവേഷകർ പറയുന്നു.















