നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ… ഈ മൂന്ന് പേരുടെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നാരംഭിച്ച സ്നേഹബന്ധം മൂവരുടെയും കരിയറിന്റെ തുടക്കത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പഴയ ഓർമകൾ പങ്കുവയ്‌ക്കുകയാണ് ഈ കൂട്ടുകാർ.
മോഹൻലാലും സുരേഷ് കുമാറും തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് ഒരുമിച്ച് വിദ്യാഭ്യാസം നേടിയവരാണ്. സീനിയറായിരുന്നു പ്രിയൻ. മോഡൽ സ്കൂളിന്റെ അടുത്താണ് പ്രിയൻ താമസിച്ചിരുന്നത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പ്രിയനുമായി മോഹൻലാലിന് പരിചയമുണ്ടായിരുന്നില്ല. പ്രിയന്റെ അമ്മയുടെ സുഹൃത്തായിരുന്നു ലാലിന്റെ അമ്മ. അതിനാൽ അമ്മമാരുടെ കൂടിക്കാഴ്ചക്കിടെ പലപ്പോഴും ലാലിനെ പ്രിയൻ ശ്രദ്ധിച്ചിരുന്നു.
1969-ൽ അഞ്ചാം ക്ലാസിൽ ഒരുമിച്ച് പഠിക്കുമ്പോൾ ആരംഭിച്ച 50 വർഷങ്ങൾ പിന്നിട്ടുവെന്ന് സുരേഷും ലാലും ഓർത്തുപറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മണിയൻപിള്ള രാജു പഠിപ്പിച്ച് നൽകിയ ‘കമ്പ്യൂട്ടർ ബോയ്’ എന്ന നാടകം സ്കൂളിൽ അവതരിപ്പിച്ച് മികച്ച നടനുള്ള അവാർഡ് ലാൽ സ്വന്തമാക്കി. അന്നത്തെ കാലത്ത് പത്താം ക്ലാസുകാരുടെ കുത്തകയായിരുന്ന അവാർഡ് 11-കാരൻ കൊണ്ടുപോയപ്പോൾ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മണിയൻപിള്ള രാജുവിനെ മർദ്ദിക്കാൻ വന്ന സംഭവമടക്കം ഉണ്ടായെന്ന് മോഹൻലാൽ പറയുന്നു.
അന്ന് നാടകത്തിനായി ലാൽ അവതരിപ്പിച്ചത് 90 വയസായ മുതുമുത്തച്ഛന്റെ കഥാപാത്രമായിരുന്നുവെന്ന് സുരേഷ്കുമാറും ഓർത്തുപറഞ്ഞു. അന്ന് സുരേഷിന്റെ അപ്പൂപ്പനെ ഓർത്താണ് അഭിനയിച്ചതെന്നും സുരേഷിനെ പോലെയല്ല, അപ്പൂപ്പനെ കാണാൻ നല്ല ഭംഗിയായിരുന്നുവെന്നും ലാൽ കുസൃതിയോടെ മറുപടി നൽകി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സുരേഷ് പാട്ട് പാടുമായിരുന്നു, എന്തെങ്കിലും ചടങ്ങ് നടക്കുമ്പോൾ ഈശ്വരപ്രാർത്ഥന ചൊല്ലിയിരുന്നത് സുരേഷായിരുന്നുവെന്ന് ലാൽ ഓർത്തപ്പോൾ അക്കാര്യത്തെ ചിരിച്ചുതള്ളുകയായിരുന്നു സുഹൃത്ത്.
ലാലിന്റെ മനസിൽ സിനിമയുണ്ടായിരുന്നില്ല, നവോദയയിലേക്ക് ലാലിന്റെ ഫോട്ടോ നിർബന്ധിച്ച് അയച്ചതെല്ലാം സുരേഷ് ആയിരുന്നുവെന്ന കാര്യം പ്രിയനും പങ്കുവച്ചു. അങ്ങനെയൊരു ചതി അവൻ ചെയ്തുവെന്നായിരുന്നു സുരേഷിനെക്കുറിച്ച് ലാൽ നൽകിയ മറുപടി.
ആദ്യമായി ലാൽ അഭിനയിച്ച ‘തിരനോട്ടം’ എന്ന സിനിമയുടെ അവസാന ഷെഡ്യൂൾ സമയത്ത് പ്രിയൻ കൂടി ഭാഗമായ സംഭവങ്ങളും മൂവരും ഓർത്തുപറഞ്ഞ് ചിരിച്ചു. അന്നത്തെ സമയത്ത് സുരേഷിനെയും ലാലിനെയും കളിയാക്കിയ പ്രിയൻ ഒടുവിൽ ആ സിനിമയുടെ ഭാഗമാവുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇന്ത്യൻ കോഫി ഹൗസിലിരുന്ന് ഞങ്ങളെ തെറി പറഞ്ഞിരുന്നയാളാണ് പ്രിയൻ, ഇവന്മാർക്ക് സിനിമയെക്കുറിച്ച് എന്തറിയാം എന്ന പുച്ഛമായിരുന്നു. ഒരുതരത്തിൽ ആലോചിച്ചാൽ അതായിരുന്നു യഥാർത്ഥ്യം. സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത കാലത്താണ് ആ സിനിമയെടുക്കാൻ ഞങ്ങൾ ഇറങ്ങിത്തിരിച്ചതെന്ന് സുരേഷ് കുമാർ പറഞ്ഞു.















