നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ.. ഈ മൂന്ന് താരങ്ങൾക്കിടയിലെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നാരംഭിച്ച സ്നേഹബന്ധം മൂവരുടെയും കരിയറിന്റെ തുടക്കത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. താൻ ആദ്യമായി അഭിനയിച്ച നാടകത്തിന്റെ ചിരിയോർമകൾ പങ്കുവയ്‌ക്കുകയാണ് ജി. സുരേഷ് കുമാർ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മൂന്നുപേരും പഴയ ഓർമകളിലേക്ക് പോയത്.
സ്കൂളിൽ ലാൽ നാടകം അവതരിപ്പിച്ച് മികച്ച നടനായി. അന്നത്ത് കാലത്ത് 10-ാം ക്ലാസുകാരുടെ കുത്തകയായിരുന്ന മികച്ച നടനുള്ള പുരസ്കാരം ആറാം ക്ലാസുകാരനായ ലാൽ വാങ്ങി. അത് വലിയ ബഹളങ്ങളുണ്ടാക്കിയിരുന്നു. അക്കാലത്ത് താനും സ്കൂളിലെ മറ്റൊരു നാടകത്തിൽ അഭിനയിച്ചു. പക്ഷെ അന്നത്തോടെ അഭിനയം നിർത്തേണ്ടി വന്നു.
ആ നാടകം ഫ്ലോപ്പായി, പിള്ളേരെല്ലാം കൂവി. എന്നെ കുത്തിക്കൊല്ലുന്നൊരു സീനുണ്ടായിരുന്നു. അതിനുവേണ്ടി കുപ്പായത്തിനകത്ത് മുട്ട വച്ചിരുന്നു. മുട്ടയ്‌ക്ക് അകത്ത് ചുവപ്പ് ചായം നിറച്ചുവച്ചു. എന്നെ കുത്തുന്ന സമയത്ത് മുട്ടയിൽ അമർത്തി ദേഹത്ത് ചോരക്കറ വരുത്താൻ വച്ചതായിരുന്നു. പക്ഷെ മുട്ട അമർത്തിയപ്പോൾ അത് താഴെവീണു പൊട്ടി. ചുവന്നമഷി തറയിലായി. അതിന് മുകളിൽ ഞാൻ വീഴുകയും ചെയ്തു. അപ്പോഴേക്കും പിള്ളേർ കൂവി തോൽപ്പിച്ചിരുന്നു. അതിന് ശേഷം അഭിനയത്തിന് മുതിർന്നിട്ടില്ല. കാരണം അതോടുകൂടി സ്റ്റേജ്ഫിയറായി. അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമായിട്ടില്ല. എത്രയോ സിനിമകളിൽ അഭിനയിക്കാമായിരുന്നു. ഞാൻ നിർമിച്ച പടം, പ്രിയൻ സംവിധാനം ചെയ്ത സിനിമ, ലാലിന്റെ സിനിമകൾ.. ഇതിലൊക്കെ അഭിനയിക്കാമായിരുന്നു, പക്ഷെ ധൈര്യമുണ്ടായില്ല. ഒരുകണക്കിന് ആലോചിച്ചാൽ അഭിനയിക്കുന്നതായിരുന്നു എളുപ്പം. മനഃസമാധാനമായി ജീവിക്കാമായിരുന്നു. ഈ പ്രൊഡ്യൂസർ പണി വേണ്ടിയിരുന്നില്ല. – സുരേഷ് കുമാർ പറഞ്ഞു.