ഓണത്തിന്റെയും യുഎഇയുടെയും ആദർശങ്ങളെ ഒരുമിപ്പിച്ച് കൂറ്റൻ പൂക്കളമൊരുക്കി യുഎഇയിലെ ആരോഗ്യപ്രവർത്തകർ. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നൂറിലധികം ആരോഗ്യപ്രവർത്തകർ 600 കിലോ പൂക്കളുപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.
ഓണമെന്നാൽ മലയാളിക്ക് പൂക്കളങ്ങളുടെ മേളം കൂടിയാണ്. യുഎഇയുടെയും ഓണത്തിന്റെയും ആദർശങ്ങളും, വയനാട് ദുരന്തത്തിലടക്കം പ്രകടമായ സമൂഹത്തിന്റെ ഒത്തൊരുമയും പ്രമേയമാക്കി കൂറ്റൻ പൂക്കളമൊരുക്കുകയായിരുന്നു ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകർ ഒരുക്കിയത്. ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോഗ്രാം പൂക്കളുപയോഗിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ആരോഗ്യപ്രവർത്തകർ വ്യത്യസ്തമായ പൂക്കളം തീർത്തു.
സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യുഎഇ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന്റെ പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നിലനിന്നിരുന്ന കാലത്തിന്റെ ഓർമയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ച് കാട്ടുകയാണ് ഈ പൂക്കളം. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പൂക്കളമൊരുക്കാൻ അണിനിരന്നു.