തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരേ ട്രിവാൻഡ്രം റോയൽസിന് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് എട്ടു വിക്കറ്റിന് 131 റൺസ് നേടി. 132 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം 18.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
ക്യാപ്റ്റൻ അബ്ദുൾബാസിത് (34 നോട്ടൗട്ട്), എം.എസ് അഖിൽ (33 നോട്ടൗട്ട്) എന്നിവരാണ് ട്രിവാൻഡ്രത്തിന്റെ വിജയത്തിൽ നിർണായകമായത്. ടോസ് നേടിയ ട്രിവാൻഡ്രം കൊല്ലത്തെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു.
വത്സൽ ഗോവിന്ദ് – ഭാരത് സൂര്യ സഖ്യമാണ് കൊല്ലത്തിനു വേണ്ടി ഓപ്പൺ ചെയ്തത്. നാലാമത്തെ ഓവറിലെ അവസാന പന്തിൽ ഭാരത് സൂര്യയെ വിനോദ്കുമാറിന്റെ പന്തിൽ റിയാ ബഷീർ പുറത്താക്കുമ്പോൾ കൊല്ലം ഒരു വിക്കറ്റ് നഷ്ടത്തിൽ 26 റൺസ്.
കൊല്ലത്തിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് ആറാം ഓവറിന്റെ ആദ്യപന്തിൽ നഷ്ടമായി. രണ്ട് പന്തിൽ നിന്ന് ഒരു റൺസെടുത്ത സച്ചിൻ ബേബിയെ അബ്ദുൾ ബാസിത് സ്വന്തം പന്തിൽ പുറത്താക്കുകയായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിലായിരുന്നു കൊല്ലം.
15-ാം ഓവറിൽ വത്സൽ ഗോവിന്ദ് അർദ്ധസെഞ്ചുറി നേടി. 45 പന്തിൽ നിന്നായിരുന്നു വത്സൽ ഗോവിന്ദിന്റെ അർദ്ധസെഞ്ചുറി. 20 ഓവർ പൂർത്തിയായപ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 131. ട്രിവാൻഡ്രത്തിനു വേണ്ടി വിനോദ് കുമാർ നാല് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് നേടി. വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്.
132 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ വിക്കറ്റ് ടീം സ്‌കോർ 49 ൽ നിൽക്കെ നഷ്ടമായി. 27 പന്തിൽ നിന്നും 30 റൺസ് എടുത്ത സുബിനെ ബിജു നാരായണന്റെ പന്തിൽ ഭാരത് സൂര്യ പുറത്താക്കി. കെ. അക്ഷയ്- അബ്ദുൾ ബാസിത് കൂട്ടുകെട്ട് 13-ാം ഓവറിൽ സ്‌കോർ 80 ലെത്തിച്ചു. 14-ാം ഓവറിൽ കെ.അക്ഷയെ (22 പന്തിൽ 11) വിജയ് വിശ്വനാഥ് പുറത്താക്കി. തൊടട്ടുത്ത പന്തിൽ ഗോവിന്ദ് പൈയുടെ വിക്കറ്റും വിജയ് സ്വന്തമാക്കി.
18 ഓവർ അവസാനിച്ചപ്പോൾ അബ്ദുൾ ബാസിത്- എം.എസ് അഖിൽ കൂട്ടുകെട്ട് ട്രിവാൻഡ്രത്തിന്റെ സ്‌കോർ 131 ലെത്തിച്ചു. 19 ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് അഖിൽ ട്രിവാൻഡ്രത്തിന്റെ വിജയ റൺ സ്വന്തമാക്കി. ക്യാപ്റ്റൻ അബ്ദുൾ ബാസിത് (22 പന്തിൽ 34) എം.എസ് അഖിൽ (17 പന്തിൽ 33 റൺസ്) എന്നിവർ പുറത്താകാതെ നിന്നു.