മലപ്പുറം: ജില്ലയിൽ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന്റെ മരണം നിപ ബാധിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായിരുന്നതിനെ തുടർന്ന് പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരുന്ന സാമ്പിളിന്റെ ഫലവും പോസ്റ്റീവായതോടെയാണ് നിപ സ്ഥിരീകരിച്ചത്.
ബെംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്നു മരിച്ച 24-കാരൻ. ഇതുവരെ 151 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. ഐസോലേഷനിൽ കഴിയുന്ന അഞ്ച് പേർക്ക് നേരിയ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനാൽ ഇവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു 24-കാരൻ മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ മെഡിക്കൽ ഓഫീസർ ഡെത്ത് ഇൻവെസ്റ്റിഗേഷൻ നടത്തിയിരുന്നു. തുടർന്നാണ് നിപ വൈറസ് ബാധിച്ചിരുന്നതായി സംശയം ജനിച്ചത്. ഉടൻ തന്നെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിക്കുകയായിരുന്നു. ഫലം പോസിറ്റീവായതിന് തൊട്ടുപിന്നാലെ പൂനെയിലേക്ക് സാമ്പിളുകൾ അയക്കുകയും പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കുകയും ചെയ്തു.
മരിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 4 സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിരുന്നു. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിലേക്ക് യാത്രയും ചെയ്തിട്ടുണ്ട്. യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ അഞ്ച് പേർക്കാണ് നിലവിൽ രോഗ ലക്ഷണങ്ങളുള്ളത്. മലപ്പുറം നടുവത്ത് തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ സ്വദേശം. ഇവിടെ മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്.