ബോളിവുഡ് സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന ചിത്രം സാരിയുടെ ടീസറെത്തി. മലയാളി മോഡൽ ശ്രീലക്ഷ്മി( ആരാധ്യ ദേവി) നായികയാവുന്ന ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സത്യാ യാദു ആണ് നായകന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ആരാധ്യ ദേവിയെത്തുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ഫോട്ടകളും വൈറലായിരുന്നു. നായികയായ ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ദേവി എന്നാക്കിയടും രാം ഗോപാൽ വർമയായിരുന്നു. ഫോട്ടോ ഷൂട്ട് റീൽ വൈറലായതോടെയാണ് ശ്രീലക്ഷ്മി രാം ഗോപാൽ വർമയുടെ ശ്രദ്ധയിലെത്തുന്നത്. ഇവരെ നായികയാക്കി സിനിമ ചെയ്യുമെന്ന് സംവിധായകൻ അന്നേ വ്യക്തമാക്കിയിരുന്നു. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
മനോഹരമായി സാരിയുടുത്ത യുവതിയോട് ഒരു യുവാവിന് തോന്നുന്ന അഭിനിവേശം പ്രണയവും പ്രതികാരവുമായി മാറുന്നതാണ് കഥയെന്നാണ് ടീസർ നൽകുന്ന സൂചന. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ടീസർ മിനിട്ടുകൾക്കകം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു.