ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ ആക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്. ഫ്‌ളോറിഡയിലെ പാം ബീച്ചിലെ ഗോള്‍ഫ് കോഴ്‌സിന് സമീപത്ത് നിന്നാണ് എകെ 47 തോക്കില്‍ നിന്നും അക്രമി വെടിയുതിര്‍ത്തത്.
ട്രംപിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിതെന്നാണ് സൂചന. ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപം വെടിവയ്പ് ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, അദ്ദേഹം സുരക്ഷിതനാണെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കമല ഹാരിസ് അറിയിച്ചു. അമേരിക്കയില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസും പ്രസ്താവന ഇറക്കിയിട്ടുണ്ട്. സംഭവസമയം യുഎസ് സീക്രട്ട് സര്‍വീസ് ടീമും ട്രംപിനൊപ്പം ഉണ്ടായിരുന്നു. പെന്‍സില്‍വാനിയയിലെ ആക്രമണശ്രമം പരാജയപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ട്രംപിന് നേരെ മറ്റൊരു വെടിവയ്പ് ഉണ്ടാകുന്നത്. പെന്‍സില്‍വാനിയയിലെ ആക്രമണത്തില്‍ നിന്ന് ട്രംപിനെ സുരക്ഷിതനാക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം അംഗീകരിച്ചിരുന്നു.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സീക്രട്ട് സര്‍വീസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, ബട്‌ലറില്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചതായും യുഎസ് സീക്രട്ട് സര്‍വീസ് ആക്ടിംഗ് ഡയറക്ടര്‍ റൊണാള്‍ഡ് റോ പറഞ്ഞിരുന്നു. പ്രസിഡന്റ് മത്സരത്തിലെ സ്ഥാനാര്‍ത്ഥികളായ കമലാ ഹാരിസും ട്രംപും തമ്മില്‍ നടന്ന സംവാദത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു ആക്രമണം ഉണ്ടായത്. ഡിബേറ്റില്‍ കമല ഹാരിസ് ട്രംപിനെ തറപറ്റിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സംവാദത്തിന് പിന്നാലെ പുറത്തിറക്കിയ സിഎന്‍എന്‍ ഫഌഷ് പോള്‍ പ്രകാരം 54 പേര്‍ കമലാ ഹാരിസ് വിജയിച്ചതായി അഭിപ്രായപ്പെട്ടു. 31 ശതമാനം പേര്‍ മാത്രമാണ് ട്രംപാണ് മികച്ച സംവാദം നടത്തിയതെന്ന് അഭിപ്രായപ്പെട്ടത്.