ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തെ അപലപിച്ച് ടെസ്ല, എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ട്രംപിനെതിരെ മാത്രം എല്ലായ്‌പ്പോഴും വധശ്രമം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെ വധിക്കാന്‍ ആരും ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും മസ്‌ക് ചോദ്യം ഉന്നയിച്ചു.
ഇന്നലെ ഫ്‌ളോറിഡയിലെ ഗോള്‍ഫ് കോഴ്‌സില്‍ വച്ച് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബ്ബിന് സമീപത്തെത്തിയ അക്രമി വേലിക്ക് അരികില്‍ എത്തിയ ശേഷം അകത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നും, സുരക്ഷിതനാണെന്നും ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പിന്നാലെയാണ് ട്രംപിനെതിരായ നീക്കത്തെ അപലപിച്ച് മസ്‌ക് രംഗത്തെത്തിയത്. ” എന്തുകൊണ്ടാണ് അവര്‍ ട്രംപിനെ തന്നെ ലക്ഷ്യം വയ്‌ക്കുന്നത്. ബൈഡനെയോ കമലയെയോ വധിക്കാന്‍ പോലും ആരും ആഗ്രഹിക്കുന്നില്ലെന്നും” എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മസ്‌ക് കുറിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തുറന്ന പിന്തുണ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
ഗോള്‍ഫ് ക്ലബ്ബിനകത്തേക്ക് പ്രതിയായ റയാന്‍ വെസ്ലി റൗത്ത് വെടിയുതിര്‍ത്തെങ്കിലും പ്രസിഡന്റ് നിന്നിരുന്ന സ്ഥലത്തേക്ക് അക്രമി വെടിയുതിര്‍ത്തിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഗോള്‍ഫ് ക്ലബ്ബിന് പുറത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും, ഇയാള്‍ എസ്‌യുവില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി സീക്രട്ട് സര്‍വീസിലെ റാഫേല്‍ ബറോസ് പറഞ്ഞു.















