കൊച്ചി: പ്രമുഖ സാഹിത്യകാരനും അദ്ധ്യപകനുമായ പ്രൊഫ. എം.കെ സാനുവിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് എം.കെ സാനുവിന്റെ കൊച്ചിയിലെ വസതിയിൽ എത്തിയത്. സുരേഷ് ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയുടെ അദ്ധ്യാപകനായിരുന്നു എം കെ സാനു. ആ ബന്ധം സുരേഷ് ഗോപിയും അതുപോലെ തുടർന്നു.
വളരെ ആദരവും സ്നേഹവും തോന്നിയിട്ടുള്ള വ്യക്തിത്വമാണ് സുരേഷ് ഗോപിയെന്ന് എം. കെ സാനു പറഞ്ഞു. സുരേഷ് ഗോപിയുടെ അമ്മയുടെ കുലീനമായ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. ആ കൂലിനത അദ്ദേഹത്തിനും ഉണ്ട്. അമ്മ അവസാന കാലം വരെ എന്നെ വിളിക്കുമായിരുന്നുവെന്നും എം. കെ സാനു കൂട്ടിച്ചേർത്തു.
എന്റെ അമ്മയുടെ അദ്ധ്യപകനാണ് സാനുമാഷ്. മൂന്ന് വർഷം അദ്ദേഹം അമ്മയെ പഠിപ്പിച്ചിരുന്നു. അമ്മ പോകുന്നതിന് ഏഴേട്ട് വർഷം മുമ്പാണ് സാനുമാഷും ഞാനും തമ്മിലുള്ള ബന്ധം ശക്തമായത്. അമ്മ പലകാര്യങ്ങളും ഏൽപ്പിച്ച് പോയിട്ടുണ്ട്. അതിൽ ഒന്നാണ് സാനുമാഷുമായുള്ള ബന്ധമെന്നും സുരേഷ് ഗോപി പറഞ്ഞു. സാനു മാഷിനെ ഒരിക്കൽ പോലും ബിജെപിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















