കൊല്ലം: മൈനാഗപ്പള്ളിയിൽ കാറിടിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി അജ്മൽ, നെയ്യാറ്റിൻക്കര സ്വദേശിനി ശ്രീക്കുട്ടി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികൾക്കെതിരെ നരഹത്യ വകുപ്പും ചുമത്തിയിട്ടുണ്ട്.
വീട്ടമ്മയുടെ കൊലപാതകത്തിൽ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്കാലിക ഡോക്ടറായിരുന്ന ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. പ്രതി അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നാണ് വനിതാ ഡോക്ടർക്കെതിരെ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അജ്മലിനെ ശാസ്താംകോട്ട പതാരത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അജ്മലും ശ്രീക്കുട്ടിയും ഒരു സുഹൃത്തിന്റെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു അപകടം. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് കാർ മുന്നോട്ടെടുത്തതെന്ന് അജ്മൽ മൊഴി നൽകി. ലഹരിക്കേസ് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അജ്മൽ.