അടുത്തിടെയാണ് 70 വയസും അതിന് മുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരൻമാരെയും ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY ) യുടെ കീഴിലാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതിയാണിത്.
പദ്ധതിയിൽ ചേരാനായി ചെയ്യേണ്ടത് ഇത്രമാത്രം..
- abdm.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- യോഗ്യതയറിയാനായി പിഎംജെഎവൈ കിയോസ്കിൽ ആധാർ കാർഡോ റേഷൻ കാർഡോ വച്ച് പരിശോധിക്കുക.
- കുടുംബാംഗങ്ങളെ തിരച്ചറിയാനുള്ള രേഖകൾ സമർപ്പിക്കുക.
- ഇവ പരിശോധിച്ച് ഉറപ്പുവരുത്തുന്നതോടെ ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളിലേക്കും ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കവറേജിന് കീഴിലേക്കുമുള്ള ഇ-കാർഡ് ലഭ്യമാകും.
മെഡിക്കൽ പരിശോധനകൾ, ചികിത്സകൾ, അഡ്മിഷൻ തീയതിക്ക് മൂന്ന് ദിവസം മുൻപ് വരെ പ്രീ- ഹോസ്പിറ്റലൈസേഷൻ കെയർ, മരുന്നുകളും മെഡിക്കൽ സാമഗ്രികളും, ഐസിയു ഉൾപ്പടെയുള്ള സേവനങ്ങൾ, ലബോറട്ടറി പരിശോധനകൾ, മെഡിക്കൽ ഇംപ്ലാൻ്റുകൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താമസവും ഭക്ഷണവും ഉൾപ്പടെയുള്ള മെഡിക്കൽ കവറേജുകൾ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന വഴി ലഭിക്കും.
പുതിയ സേവനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിർന്ന പൗരൻമാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അല്ലെങ്കിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ള 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.