ന്യൂഡൽഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടെത്തുന്നത്. ജന്മദിനത്തിലും അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. ഭുവനേശ്വറിലെ ഗഡ്കാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് ഭവനങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് സൈനിക് സ്‌കൂളിന് സമീപമുള്ള ഗഡ്കാനയിലേക്ക് പോവുകയെന്ന് പൊലീസ് കമ്മീഷണർ ഭുവനേശ്വർ സഞ്ജീവ് പാണ്ഡ അറിയിച്ചു.
ഇവിടെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഇതിന് ശേഷമാണ് ജനതാ മൈതാനത്തേക്ക് പോകുന്നത്. സുഭദ്ര യോജനയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് പുറമെ 2871 കോടി രൂപയുടെ റെയിൽവേ പദ്ധതികളും, 1000 കോടി രൂപയുടെ ഹൈവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഭാരതാംബയുടെ പുത്രനും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന നേതാവുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാംശസകൾ നേരുന്നതായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ” രാജ്യത്തെ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കണമെന്ന അങ്ങയുടെ കാഴ്ചപ്പാട് ജനഹൃദയങ്ങളിലെല്ലാം പ്രതിധ്വനിക്കുകയാണ്. ഈ നേതൃപാടവവും അർപ്പണബോധവും ഇന്ത്യയ്‌ക്ക് മുതൽക്കൂട്ടാകട്ടെ എന്നും, വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ എന്നും” മണിക് സാഹ കുറിച്ചു.
ആരോഗ്യവും ദീർഘായുസ്സും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും ജന്മദിനാശംസകൾ നേരുന്നതായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2047ഓടെ വികസിത ഭാരതം എന്ന ആശയം പൂർത്തികരിക്കാനുള്ള കരുത്ത് അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്, കാരണം അതിന്റെ ക്യാപ്റ്റൻ മോദിയാണെന്നും” ഷിൻഡെ പറയുന്നു.















