തിരുവനന്തപുരം: ദുരന്തങ്ങളെ ആഘോഷമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കേന്ദ്രസർക്കാർ നൽകുന്ന തുക അഴിമതിയിലൂടെ നേടിയെടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും എം ടി രമേശ് ആരോപിച്ചു. വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക സംബന്ധിച്ച കണക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെതിരെയായിരുന്നു എം ടി രമേശിന്റെ വിമർശനം.
” എല്ലാ സംഘടനകളും നിസ്വാർത്ഥരായാണ് ദുരന്തഭൂമിയിൽ പ്രവർത്തിച്ചത്. കുറച്ച് മൃതദേഹം മാത്രമാണ് സർക്കാർ ദഹിപ്പിച്ചത്. ബാക്കി എല്ലാം സന്നദ്ധ പ്രവർത്തകരാണ് നടത്തിയത്. എന്ത് ലോജിക്ക് ആണിത്. കേന്ദ്ര സർക്കാർ നൽകുന്ന തുക അഴിമതിയിലൂടെ നേടിയെടുക്കാനുള്ള ശ്രമമാണിത്. 2000 കോടി ഇതിന് വേണ്ടിയാണ് ചോദിച്ചത്. ദൈനംദിന പ്രവർത്തനത്തിന് കൂടിയുള്ള തുക കണ്ടെത്താനുള്ള ശ്രമമാണ് സർക്കാരിന്റേത്. ദുരന്തഭൂമിയിൽ നിസ്വാർത്ഥമായി സേവനം ചെയ്തവരോടുള്ള വെല്ലുവിളിയാണ് ഈ കണക്കുകളെന്നും” എം ടി രമേശ് വിമർശിച്ചു.
വയനാട് ദുരന്തനിവാരണത്തിന്റെ പേരിൽ പിണറായി സർക്കാർ കള്ളക്കണക്ക് എഴുതുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരനും വിമർശനം ഉന്നയിച്ചു. സ്വന്തം പ്രചാരവേലയ്‌ക്കും ഫണ്ട് തട്ടിപ്പിനും വേണ്ടി ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന മറ്റൊരു സർക്കാരും രാജ്യത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. കൊറോണ മഹാമാരി പോലും അഴിമതിക്ക് ഉപയോഗിച്ചവരാണ് കമ്യൂണിസ്റ്റ് സർക്കാരെന്നും, ദുരന്തമെത്താൻ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.