പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14-കാരന് നേരെ പീഡനശ്രമം. ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിൽ വച്ചാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വല്ലപ്പുഴ സ്വദേശിയും 53-കാരനുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവട്ടൂർ വേലുതാക്കക്കൊടി ഉമ്മറാണ് പ്രതി.
തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. നിലമ്പൂരിൽ നിന്ന് വന്ന പാസഞ്ചർ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതോടെയായിരുന്നു അതിക്രമം നടന്നത്. ഭയന്നുപോയ വിദ്യാർത്ഥി ട്രെയിൻ നിർത്തിയ ഉടനെ പ്ലാറ്റ്ഫോമിലേക്ക് ചാടി. അപ്പോഴാണ് സഹയാത്രക്കാർ കുട്ടിയോട് കാര്യം തിരക്കിയത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ഷൊർണൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇതിനിടെ യാത്രക്കാർ ചേർന്ന് ഉമ്മറിനെ പിടികൂടിയിരുന്നു. പൊലീസ് എത്തിയതോട പ്രതിയെ കൈമാറി. ട്രെയിന്റെ വാതിൽപ്പടിയിൽ നിൽക്കുമ്പോഴായിരുന്നു പീഡനശ്രമം നടന്നതെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ച ഉമ്മർ കോച്ചിനുള്ളിലെ ശുചിമുറിയിലേക്ക് വിദ്യാർത്ഥിയെ ക്ഷണിക്കുകയായിരുന്നു. ഭയന്നുപോയ വിദ്യാർത്ഥി ബോഗിയുടെ മുൻവശത്തേക്ക് ഓടി. ട്രെയിൻ നിർത്തിയതോടെ പ്ലാറ്റ്ഫോമിലേക്ക് ചാടുകയും തറയിൽ വീഴുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പോക്സോ വകുപ്പകൾ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലാണ് ഉമ്മർ.