ന്യൂഡൽഹി: നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന, അരവിന്ദ് കെജ്‌രിവാളിന്റെ കൈയ്യിലെ കളിപ്പാവ മാത്രമാണെന്ന് ബിജെപി. ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്‌രിവാൾ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ബിജെപി ഡൽഹി ഘടകത്തിന്റെ പ്രതികരണം. പാവ മുഖ്യമന്ത്രി എന്ന കുറിപ്പൊടെ അതിഷിയെ ഒരു പാവയെപ്പോലെ നിയന്ത്രിക്കുന്ന കേജ്‌രിവാളിന്റെ ചിത്രവും സമൂഹ മാദ്ധ്യമത്തിൽ ബിജെപി പങ്കുവെച്ചു.
മനീഷ് സിസോദിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കെജ്‌രിവാൾ അതിഷിയുടെ പേര് മുന്നോട്ട് വെച്ചതെന്നും ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ചൂണ്ടിക്കാട്ടി. കെജ്‌രിവാൾ അതിഷിയെ മുഖ്യമന്ത്രിയാക്കിയത് മനസ്സില്ലാമനസ്സോടെയാണ്. മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനായിരുന്നു കെജ്‌രിവാളിന്റെ നീക്കം. മനീഷ് സിസോദിയ അതിന് തടയിട്ടു. മുഖം മാറിയത് കൊണ്ട് അഴിമതി ഇല്ലാതാകില്ല,ഡൽഹിയിലെ ജനങ്ങളോട് നിങ്ങൾ ഒരുനാൾ മറുപടി പറയേണ്ടി വരുമെന്നും, വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
എഎപി “ആഭ്യന്തര അധികാര തർക്കം” കാരണം ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പൊതുജനങ്ങളും എഎപിയും തമ്മിലായിരിക്കുമെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ഇന്ന് രാവിലെ നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷി മർലേനയുടെ പേര് കെജ്‌രിവാൾ നിർദ്ദേശിച്ചത്. മദ്യ നയ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ കെജ്‌രിവാൾ രണ്ട് ദിവസം മുമ്പാണ് രാജി പ്രഖ്യാപനം നടത്തിയത്. ജയിലിൽ കഴിയിമ്പോഴും രാജിവെക്കാൻ കെജ്‌രിവാൾ സന്നദ്ധനായിരുന്നില്ല. ഒടുവിൽ ലഭിച്ച ജാമ്യത്തിലാകട്ടെ സെക്രട്ടറിയേറ്റിൽ പ്രവേശിക്കാനോ ഫയലിൽ ഒപ്പിടാനോ പാടില്ലെന്ന വ്യവസ്ഥയും. മറ്റ് വഴി ഇല്ലാതായതോടെ കെജ്‌രിവാൾ മനസ്സില്ലാ മനസ്സോടെ സ്ഥാനം ഒഴിയാൻ തയ്യാറാകുകയായിരുന്നു.