ലിംഗസമത്വം നടപ്പാക്കാൻ ചരിത്ര തീരുമാനവുമായി ഐസിസി. ഇനിമുതൽ പുരുഷ-വനിതാ ലോകകപ്പുകൾക്ക് ഒരേസമ്മാനത്തുക നൽകുമെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. വിവിധ കോണുകളിൽ നിന്ന് ദീർഘനാളായി ഉയർന്ന ആവശ്യമാണ് ഐസിസി അംഗീകരിച്ചിരിക്കുന്നത്.
ഈ വർഷത്തെ വനിതാ ടി20 ലോകകപ്പ് മുതൽ പുതിയ തീരുമാനം നടപ്പാക്കും. 19.6 കോടി രൂപയാണ് വിജയിക്ക് നൽകുക. കഴിഞ്ഞ ലോകകപ്പിൽ 8.37 കോടി രൂപയായിരുന്നു വനിതകൾക്ക് സമ്മാനമായി ലഭിച്ചത്. ഇപ്രാവശ്യത്തെ വനിതാ ടി20 ലോകകപ്പ് യുഎഇയിലാണ് അരങ്ങേറുക. ഒക്ടോബർ മൂന്ന് മുതലാണ് മത്സരം.
ലിംഗനീതി നടപ്പിലാക്കുന്ന ഐസിസിയുടെ തീരുമാനം ചരിത്രത്തിലിടം നേടുന്നതാണ്. നേരത്തെ പുരുഷ-വനിതാ ടീമുകൾക്ക് തുല്യവേതനം നൽകുമെന്ന് ബിസിസിഐയും അറിയിച്ചിരുന്നു.















