ഭുവനേശ്വർ: പിറന്നാൾ ദിനത്തിലും പതിവ് രീതികൾ തെറ്റിക്കാതെ കർമനിരതനാവുകയാണ് പ്രധാനമന്ത്രി. ഒഡിഷ സന്ദർശിച്ച അദ്ദേഹം 2,871 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് നാടിന് സമർപ്പിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായി സുഭദ്ര യോജന പദ്ധതിക്കും ഇന്ന് തുടക്കം കുറിച്ചു.
2,871 കോടി രൂപയുടെ റെയിൽവേ പദ്ധതികളുടെ തറക്കല്ലിടലിന് പുറമേ ദേശീയ പാത വികസനത്തിനായി 1,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മോഹൻ മാഞ്ചി, ഗവർണർ രഘുബർ ദാസ്, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചടങ്ങിൽ 25 വനിതകൾക്ക് സുഭദ്ര യോജന പദ്ധതി പ്രകാരം 5,000 രൂപ കൈമാറി. 21-നും 60-നും ഇടയിൽ പ്രായമുള്ള ഒരു കോടി സ്ത്രീകൾക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിപ്ലവകരമായ പദ്ധതിയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീണൻ (PMAYG) പദ്ധതി പ്രകാരം 14 ജില്ലകളിലെ 13 ലക്ഷം ഗുണഭോക്താക്കൾക്ക് ആദ്യ ഗഡുവും പ്രധാനമന്ത്രി കൈമാറി. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഒരാളുടെ വീട്ടിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. മധുരപലഹാരം നൽകി പ്രധാനമന്ത്രിക്ക് അവർ ജന്മദിനാശംസ നേർന്നു. കേന്ദ്ര പദ്ധതിക്ക് കീഴിൽ നിർമാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചു.