കൊച്ചി: ലഹരി മാഫിയക്കെതിരെയും, സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെയും നടപടികൾ കർശനമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. അർബൻ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കൊച്ചി നഗരത്തിലും ശക്തമാണെന്നും പുട്ട വിമലാദിത്യ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ ശേഷം എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയയുടെ സ്വാധീനവും, സൈബർ കുറ്റകൃത്യങ്ങളും, വേരുറപ്പിക്കുന്ന ക്രിമിനൽ സംഘങ്ങളുമെല്ലാമാണ് കൊച്ചിയിലെ പ്രധാന പ്രശ്നങ്ങൾ. ബോധവത്കരണങ്ങൾ ശക്തമാക്കിയാൽ മാത്രമേ സൈബർ സാമ്പത്തിക തട്ടിപ്പുകളും, ലഹരി ഇടപാടുകളും തടയാൻ കഴിയൂ. എങ്ങനെയാണ് തട്ടിപ്പുകാർ ആളുകളെ ഇരകളാക്കുന്നത് എന്നതിൽ ബോധവത്കരണം വേണം. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ പൊലീസിന് പരിമിതികളുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.
സായുധമാവോയിസ്റ്റുകളെ പിടിച്ചതുകൊണ്ട് മാത്രം മാവോയിസ്റ്റ് പ്രവർത്തനം ഇല്ലാതാകില്ലെന്നും, അർബൻ മാവോയിസ്റ്റ് പ്രവർത്തനം ശക്തമാണെന്നും മുൻ എടിഎസ്, ഡിഐജി കൂടിയായ പുട്ട വിമലാദിത്യ കുട്ടിച്ചേർത്തു. ലഹരിക്കെതിരെ എൻഡിപിഎസ് ആക്ടനുസരിച്ച് കർശന നടപടികളെടുക്കും. പൊലീസിന് വിവരങ്ങൾ കൈമാറുന്നവരുടെ സുരക്ഷ ഉറപ്പാക്കും. ഈ വർഷം വലിയ അളവിൽ ലഹരി പിടികൂടിയ 27 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.