തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും ഇന്ന്. ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെയാണ് ഇന്ന് തെരഞ്ഞെടുക്കുക.
ദേവസ്വം ഓഫീസിൽ രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. 56 അപേക്ഷ ലഭിച്ചതിൽ യോഗ്യരായ 55 അപേക്ഷകർക്ക് കൂടിക്കാഴ്ചയ്‌ക്കുള്ള കത്ത് അയച്ചിട്ടുണ്ട്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ദേവസ്വം ഭരണ സമിതിക്ക് മുമ്പാകെയാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.
യോഗ്യരാണെന്ന് കണ്ടെത്തുന്ന അപേക്ഷകരുടെ പേരുകൾ വെള്ളികുടത്തിൽ നിക്ഷേപിച്ച് ഉച്ചപൂജയ്‌ക്കുശേഷം ക്ഷേത്ര സന്നിധിയിൽ വച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നയാൾ മേൽശാന്തിയാകും. നിയുക്ത മേൽശാന്തി ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.