ന്യൂഡൽഹി: അപ്രതീക്ഷിതമായ മഴക്കെടുതികൾ രാജ്യത്തെ റോഡുകളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലാണ് റോഡ് ഗതാഗതം താറുമാറാകുന്നത്. കനത്ത മഴയും മഞ്ഞുവീഴ്ചയും മേഘവിസ്ഫോടനവുമൊക്കെയാണ് അവിടെ വിലങ്ങുതടിയാകുന്നത്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
പുതുതായി നിർമിക്കുന്ന റോഡുകളാണ് ഭൂരിഭാഗവും തകരുന്നത്. കാലം തെറ്റിയുള്ള ദുരിത പെയ്‌ത്താണ് ഇതിന് കാരണമെന്ന് കേന്ദ്രമന്ത്രി പറയുന്നു. ഹിമാലയൻ ഭൂപ്രദേശത്തെ ഭൂമിശാസ്ത്രപരമായ വ്യത്യസ്തകളും റോഡുകളെ ബാധിക്കുന്നുണ്ട്. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയും ഭൂമി ശാസ്ത്രവും വ്യത്യാസമുണ്ടെന്നും അതിനാൽ തന്നെ റോഡ് നിർമ്മാണം അതിസങ്കീർണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ബദലായി ടണലുകൾ സ്ഥാപിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
മലകൾക്കിടയിലൂടെയുള്ള റോഡുകൾ നിർമിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഇത് പരിഹരിക്കാനായി സർക്കാരിന്റെ പക്കൽ മാർഗമുണ്ടെന്നും അവ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സ്വിറ്റ്സർലൻഡിൽ നിന്നുള്ള വിദഗ്ധരെ എത്തിച്ചാകും ഇത്തരം വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിൽ ടണലുകൾ നിർമിക്കുക. ഇതിനെ കുറിച്ച് കേന്ദ്രം ഗഹനമായി ചിന്തിക്കുകയാണെന്നും വൈകാതെ തന്നെ നടപ്പിലാക്കും. എന്നാൽ സാധാരണ റോഡുകളെ അപേക്ഷിച്ച് തുരങ്ക നിർമ്മാണം ചെലവേറിയതാണെന്നും അതുകൊണ്ട് തന്നെ വെല്ലുവിളികളേറെയുണ്ടെന്നും ഗഡ്കരി പറഞ്ഞു.
രാജ്യത്തെ റോഡുകളെ നേരത്തെ അപേക്ഷിച്ച് മോശമാകുന്നുണ്ട്. എല്ലായിടത്തും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും മഴക്കെടുതികളാണ് ഇവ താളം തെറ്റിക്കുന്നത്. റോഡുകളിലെ ബിറ്റുമെൻ പ്രതലം നിലനിൽക്കുന്നില്ല. ഇനി മുതൽ ഇവ പരിശോധിച്ച് എട്ടിഞ്ച് കനത്തിൽ മുകളിൽ കോൺക്രീറ്റ് ഇടുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയം പോലുള്ള പ്രദേശങ്ങളിൽ റോഡ് നിർമാണം അതിസങ്കീർണമാണെന്നും എന്നിരുന്നാലും സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡ് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.