കശ്മീർ: ജമ്മു കശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പിൽ ജനങ്ങളോട് വലിയ തോതിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി വോട്ടർമാരോട് പറഞ്ഞു. ” ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഈ അവസരത്തിൽ പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ എല്ലാ വോട്ടർമാരോടും മികച്ച രീതിയിൽ വോട്ട് രേഖപ്പെടുത്തണമെന്നും, ജനാധിപത്യത്തിന്റെ ഈ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളും കന്നി വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്നും” പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജമ്മു കശ്മീരിലെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ നീളും. പോളിങ് സ്റ്റേഷനുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിര കാണപ്പെടുന്നുണ്ട്. 90 നിയമസഭാ മണ്ഡലങ്ങളിലെ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണിത്.
കശ്മീരിലെ പതിനാറും, ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്നാഗ് തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലെല്ലാം ഇന്നാണ് വോട്ടെടുപ്പ്. ഈ മാസം 25നും ഒക്ടോബർ 1നുമായി രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടക്കും. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. 10 വർഷങ്ങൾക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ എല്ലാ പോളിങ് സ്റ്റേഷനുകളിലും കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.