ശ്രീനഗർ: ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണം. മിക്ക പോളിംഗ് സ്റ്റേഷനുകളിലും രാവിലെ തന്നെ സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട ക്യൂ ദൃശ്യമായി. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് ആദ്യഘട്ടമായി പോളിംഗ് നടക്കുന്നത്. രാവിലെ11 മണി വരെ 26.72% പോളിംഗ് രേഖപ്പെടുത്തി. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 11 മണി വരെ 32.69% ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വോട്ടിംഗ് ശതമാനം ഉയരുന്നതിന് ശുഭ സൂചകമാണെന്ന് പാദ്ദർ-നാഗ്‌സെനി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുനിൽ ശർമ്മ പറഞ്ഞു. കശ്മീർ ജനതയ്‌ക്ക് തീവ്രവാദികളിൽ നിന്ന് സംരക്ഷണം ലഭിച്ചു. ഇന്ന് ആളുകൾ നിർഭയമായി തുറന്ന മനസ്സോടെയാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ജനങ്ങളുടെ നീണ്ട ക്യൂ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പിന്തുണയും സമർപ്പണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഷ്ത്വറിലെ ബിജെപി സ്ഥാനാർത്ഥി ഷാഗുൺ പരിഹാർ ബഗ്വാനെ ബൂത്ത് സന്ദർശനത്തിനിടെ പിഡിപി പ്രവർത്തകർ മർദ്ദിച്ചതായി റിപ്പോർട്ടുകളുണ്ട്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 23.37 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്‌നാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്നാണ് വോട്ടെടുപ്പ്. 14,000ത്തോളം ഉദ്യോഗസ്ഥരെയാണ് 3276 പോളിങ് സ്‌റ്റേഷനുകളിലായി വിന്യസിച്ചിരിക്കുന്നത്.















