തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശയ്‌ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ആവർത്തിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാൻ ഒറ്റതെരഞ്ഞെടുപ്പിലൂടെ സാധിക്കും. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സങ്കീർണതകൾ ഒഴിവാകുകയും രാജ്യത്തിന്റെ വികസനത്തിന്റെ ഗതിവേഗം കൂട്ടുകയും ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു .
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കാനും ഒരു തെരഞ്ഞെടുപ്പ് വന്നാൽ സാധ്യമാവും. രാജ്യത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന നീക്കത്തിന് തുരങ്കം വെക്കുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശ ചെയ്യുന്ന പാനൽ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.















