കശ്മീർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗറിൽ. ജമ്മു ക്ശമീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന തെരഞ്ഞെടുപ്പ് പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്നലെയാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായത്. 59 ശതമാനം പോളിങ് ആണ് ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത്.
കശ്മീര്‍ മേഖലയിലുള്ള 47 സീറ്റുകളിൽ 19 ഇടത്താണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ശ്രീനഗറിലെ ഷേർ ഇ കശ്മീർ പാർക്കിൽ നടക്കുന്ന റാലിയെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുവെന്നും പട്രോളിങ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ ജമ്മുവിലെ ദോഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ റാലിയാണിത്. മികച്ച പോളിങ് ആണ് ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് തെരഞ്ഞടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇന്നലെ രേഖപ്പെടുത്തിയത്.
90 സ്വതന്ത്രർ ഉൾപ്പെടെ 219 സ്ഥാനാർത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്. കിഷ്ത്വാർ ജില്ലയിൽ ഏറ്റവും ഉയർന്ന പോളിങും, പുൽവാമയിൽ ഏറ്റവും കുറവ് പോളിങും രേഖപ്പെടുത്തി. കിഷ്ത്വാരിൽ 77 ശതമാനവും, പുൽവാമയിൽ 46 ശതമാനവുമാണ് പോളിങ്. ചില പോളിങ് സ്‌റ്റേഷനുകളിലെ തർക്കങ്ങൾ ഒഴിച്ചാൽ പൊതുവെ സമാധാനപരമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ദോഡ ജില്ലയിൽ 69.33 ശതമാനം, റംബാനിൽ 67.71 ശതമാനം, കുൽഗാമിൽ 61.57 ശതമാനം, അനന്തനാഗിൽ 54.17 ശതമാനം, ഷോപ്പിയാനിൽ 53.64 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ് നിരക്ക്.