പെൺമക്കളുടെ ഭാവിക്കായി രക്ഷിതാക്കളുടെ കരുതലാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ പഠന, വിദ്യാഭ്യാസ ചെലവുകളിൽ രക്ഷിതാക്കൾക്ക് സാമ്പത്തികമായ സഹായം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മക്കളുടെ ഭാവി ചെലവുകളിലേക്ക് നികുതി ബാധ്യതകളില്ലാതെ നിക്ഷേപിക്കാൻ പദ്ധതി അവസരം നൽകുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ചില മാർഗ നിർദ്ദേശങ്ങൾ ധനമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഒക്ടോബർ ഒന്ന് മുതൽ ഇത് പാലിച്ചില്ലെങ്കിൽ അക്കൗണ്ട് ക്ലോസാകുമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകിയിട്ടുണ്ട്.
പുതിയ മാർഗനിർദ്ദേശങ്ങളറിയാം..
- മുത്തശിമാരുടെയോ നിയമപരമായ രക്ഷിതാക്കളല്ലാത്തവരുടെയോ രക്ഷാകർതൃത്വത്തിൽ തുറന്ന അക്കൗണ്ടുകൾ മാതാപിതാക്കൾക്കോ രക്ഷിതാവിനോ കൈമാറണം.
- അക്കൗണ്ട് ഉടമയുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിൽ അവ അപഡേറ്റ് ചെയ്യണം
- ഒരേ കുടുംബത്തിൽ തന്നെ രണ്ടിൽ കൂടുതൽ അക്കൗണ്ടുകൾ തുറന്നാൽ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തുറന്ന അക്കൗണ്ടായി കണക്കാക്കപ്പെടും
2015-ലാണ് കേന്ദ്രം ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസിലോ രാജ്യത്തെ ഏതെങ്കിലും ദേശസാത്കൃത ബാങ്കിലോ അക്കൗണ്ട് തുറന്ന് എല്ലാ മാസവും പണം നിക്ഷേപിക്കാവുന്നതാണ്. 250 രൂപ മുുതൽ നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് മെച്വർ ആകും. കാലാവധി പൂർത്തിയാകുന്നതിന് മുൻപും പണം പിൻവലിക്കാവുന്നതാണ്. 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പഠനാവശ്യത്തിനായി നിക്ഷേപ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാവുന്നതാണ്.