വേൾഡ് മാപ്പ് അഥവാ ലോക ഭൂപടം..
ഈ ഭൂമിയിലെ ഓരോ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് കാണാനും ഓരോ രാജ്യങ്ങളുടെയും വലിപ്പത്തെയും വിസ്തീർണത്തെയും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാനും ഭൂമിയിലെ കരഭാഗങ്ങളെ ഒറ്റനോട്ടത്തിൽ കണ്ടുമനസിലാക്കാനും വേൾഡ് മാപ്പ് ഉപയോഗിക്കുന്നു. എന്നാൽ ഈ വേൾഡ് മാപ്പ് തെറ്റാണ്!!
കാരണം ഭൂമിയുടെ ആകൃതി ഒരു പന്തുപോലെ ഉരുണ്ടതാണ്. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ ഭൂമിക്ക് ഒരു ഉരുളക്കിഴങ്ങിന്റെ ആകൃതിയാണെന്ന് പറയാം. അതുകൊണ്ടാണ് ജിയോയ്ഡ് എന്ന് അതിന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഉരുണ്ടിരിക്കുന്ന ഭൂമിയുടെ കരഭാഗങ്ങളെ പരന്ന പ്രതലത്തേക്ക് വരയ്‌ക്കാൻ ശ്രമിക്കുമ്പോൾ പലവിധത്തിലുള്ള പോരായ്മകളുണ്ടാകും. കാരണം ഗ്ലോബിൽ ഇരിക്കുന്ന കരഭാഗത്തെ ഒരു 2D ഭൂപടത്തിലേക്ക് അതേപടി മാറ്റാൻ കഴിയില്ല. അതുകൊണ്ടാണ് ചില രാജ്യങ്ങൾ യഥാർത്ഥത്തിലുള്ള വലിപ്പത്തേക്കാൾ വേൾഡ് മാപ്പിൽ കാണപ്പെടുന്നത്. ഉദാഹരണത്തിന്..
ഗ്രീൻലൻഡിനെ ഭൂപടത്തിൽ കാണുമ്പോൾ ആഫ്രിക്കയുടെ അത്രവലിപ്പമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ആഫ്രിക്കയേക്കാൾ 14 മടങ്ങ് ചെറുതാണ് ഗ്രീൻലൻഡ്. റഷ്യ എന്ന രാജ്യം ലോകത്തെ ഏറ്റവും വലുത് തന്നെയാണെങ്കിലും മാപ്പിൽ കാണുന്ന അത്രയും വലുതല്ലെന്നതാണ് മറ്റൊരു വസ്തുത. ഓസ്ട്രേലിയ എന്ന ഭൂഖണ്ഡം യഥാർത്ഥത്തിൽ വളരെ വലുതാണ്. അമേരിക്കയുടെ അത്രത്തോളം വലിപ്പം വരുന്ന ഓസ്ട്രേലിയ എന്ന ഭൂഖണ്ഡത്തെ വേൾഡ് മാപ്പിൽ ചെറിയ ഒരു രാജ്യമായാണ് കാണാൻ കഴിയുക.
കാരണം ഭൂമി പോലെ ഉരുണ്ടിരിക്കുന്ന ഒരു വസ്തുവിലെ കാര്യങ്ങൾ 2D ആക്കി മാറ്റുമ്പോൾ സംഭവിക്കുന്ന പ്രശ്നമാണിത്. ഗ്ലോബിന്റെ മദ്ധ്യഭാഗത്തുള്ള കരഭാഗങ്ങളുടെ വലിപ്പം മാത്രമേ യഥാർത്ഥ വലിപ്പത്തിൽ വരയ്‌ക്കാൻ കഴിയൂ, അരികുവശങ്ങളിലേക്ക് പോകുംതോറും രാജ്യങ്ങൾ വലുതായി കൊടുക്കേണ്ടി വരും. എങ്കിൽ മാത്രമേ ആ രാജ്യങ്ങളെ അവിടെ ശരിയായവിധം വരച്ചുചേർക്കാൻ കഴിയൂ. അതായത് ഒരു സ്ഫെറിക്കൽ ത്രീ ഡൈമെൻഷൻ രൂപത്തിന്റെ ഉപരിതലത്തെ നമുക്ക് സാധാരണ ഭൂപടത്തിലേക്ക് മാറ്റാൻ കഴിയില്ലെന്ന് സാരം.
അതുകൊണ്ടുതന്നെ ലോക ഭൂപടത്തേക്കാൾ കൃത്യതയാർന്നത് ഗ്ലോബ് ആണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.