ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. റോഹ്തക്കിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തുവിട്ടത്. അഗ്നിവീറുകൾക്ക് ജോലി, സ്ത്രീകൾക്ക് ‘ലഡോ ലക്ഷ്മി യോജന’ പ്രകാരം പ്രതിമാസം 2,100 രൂപ സാമ്പത്തിക സഹായം എന്നിവ ഉൾപ്പെട്ടതാണ് പ്രകടന പത്രിക.
സംസ്ഥാനത്ത് തൊഴിൽ വർദ്ധിപ്പിക്കുന്നതിനായി ഐഎംടി ഖാർഖോഡയുടെ മാതൃകയിൽ സംസ്ഥാനത്ത് 10 വ്യാവസായിക നഗരങ്ങൾ നിർമിക്കുമെന്നും ഗ്രാമങ്ങളിലെ 50,000ലധികം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും പത്രികയിൽ പറയുന്നു. ആരോഗ്യസംരക്ഷണ സംരംഭമായ ചിറയു ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ പ്രതിവർഷം ലഭിക്കുന്ന 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷമായി ഉയർത്തും.
അവൽ ബാലിക യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹരായ യുവതികൾക്ക് സ്‌കൂട്ടർ നൽകുമെന്നും ഘർ ഗ്രാഹിണി യോജന വഴി 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ബിജെപിയുടെ ലക്ഷ്യം ജനങ്ങളുടെ ഉന്നമനമാണെന്നും അതിനാൽ ലഡോ ലക്ഷ്മി യോജന വഴി സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്നും ജെപി നദ്ദ പറഞ്ഞു.
ബിജെപിയുടെ ഭരണത്തിൽ ഹരിയാനയിലുണ്ടാകുന്ന പുരോഗതികൾ പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഹരിയാന ബിജെപി അദ്ധ്യക്ഷൻ മോഹൻ ലാൽ ബദോലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.