ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രൂക്ഷ വിമർശനം. പാകിസ്താന്റെയും കോൺഗ്രസിന്റെയും ലക്ഷ്യവും അജണ്ടയും ഒന്നാണെന്ന് തെളിയിക്കുന്നതാണ് ഖവാജയുടെ പ്രസ്താവനയെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിൽ പാകിസ്താൻ ഷെഹബാസ് ഷെരീഫ് സർക്കാരിനും, കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യത്തിനും ഒരേ നിലപാടാണെന്നായിരുന്നു ഖവാദയുടെ വാദം.
” ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ഖവാജയുടെ നിലപാട് കോൺഗ്രസിന്റെ യഥാർത്ഥ മുഖം വീണ്ടും തുറന്നുകാട്ടി. കോൺഗ്രസിനും പാകിസ്താനും ഒരേ ലക്ഷ്യവും അജണ്ടയുമാണുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഖവാജയുടെ പ്രസ്താവന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതീയരുടെ വികാരങ്ങൾ വ്രണപ്പെടുത്തി ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കും ശക്തികൾക്കുമൊപ്പമാണ് രാഹുൽ നിലക്കൊള്ളുന്നത്.”- അമിത് ഷാ കുറിച്ചു.
കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളിടത്തോളം കാലം ആർട്ടിക്കിൾ 370ക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ജമ്മുകശ്മീരിലേക്ക് മടങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ സൈന്യത്തിനെതിരെ ആക്ഷേപകരമായ പരമാർശങ്ങൾ നടത്തുന്നതിലും രാഹുലിന്റെയും പാകിസ്താന്റെയും നിലപാട് ഒന്നാണ്. രാഹുലും കോൺഗ്രസും എന്നും ദേശവിരുദ്ധ ശക്തികളുമായി കൈകോർക്കുന്നു. എന്നാൽ അവർ കേന്ദ്രത്തിൽ നരേന്ദ്രമോദിയുള്ള കാര്യം മറക്കുന്നു. ഭീകരർക്കോ കോൺഗ്രസിന്റെ ഗൂഢതന്ത്രങ്ങൾക്കോ കശ്മീരിലേക്ക് മടങ്ങാൻ സാധിക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു.