മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിംഖാന് വധഭീഷണി. പതിവ് പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. ബാന്ദ്ര വെസ്‌റ്റിലെ അദ്ദേഹത്തിന്റെ അപ്പാ ർട്ട്‌മെന്റിന് സമീപത്തുവച്ചായിരുന്നു ബൈക്കിൽ എത്തിയ സ്‌ത്രീയും പുരുഷനും ഭീഷണി മുഴക്കിയത്. ബുർഖയായിരുന്നു സ്ത്രീയുടെ വേഷം.
സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. പ്രഭാത നടത്തിനിടെ വിശ്രമിക്കുന്ന സമയത്ത് രണ്ട് പേർ എത്തി ലോറൻസ് ബിഷ്‌ണോയിയെ ഇങ്ങോട്ട് വിടട്ടെ, എന്ന് സലീംഖാനോട് ചോദിച്ചു. ഉടൻ അവർ സ്ഥലം വിടുകയും ചെയ്തു.
അതേസമയം പ്രതികൾ പിടിയിലായെന്നും തമാശയ്‌ക്ക് ഭീഷണിപ്പെടുത്തിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സെക്ഷൻ 352(2), 292, 3(5) ബിഎൻഎസ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൽമാൻഖാനെയും കുടുംബത്തെയും ബിഷ്‌ണോയ് സംഘം നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. 2022 ജൂൺ മാസം, പ്രഭാത നടത്തത്തിനിടെ സലീംഖാന് ഭീഷണി കത്ത് ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 14 ന്, മുംബൈ ബാന്ദ്രയിലെ സൽമാൻഖാന്റെ അപ്പാർട്ട്മെന്റിന് നേരെ വെടിവെയ്പ്പുണ്ടായി. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഏറ്റെടുത്തു. ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിലാണ്.















