ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടന്നത്. തെക്കൻ ലെബനനിലാണ് സംഭവം. ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടന്ന പേജർ, വാക്കി-ടോക്കി സ്ഫോടന പരമ്പരകൾക്ക് പിന്നാലെയാണ് വ്യോമാക്രമണം. ഹിസ്ബുള്ള ഭീകരരുടെ കൈവശമുണ്ടായിരുന്ന പേജർ, വാക്കി-ടോക്കി ഉപകരണങ്ങൾ ഒരേസമയം പൊട്ടിത്തെറിച്ചതിനെ തുടർന്ന് 30-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെക്കുറിച്ച് നസറുള്ള സംസാരിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണമുണ്ടായിരിക്കുന്നത്.
ഹിസ്ബുള്ളയുടെ ആശയവിനിമയോപാധികൾ കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹിസ്ബുള്ള തലവൻ അഭിസംബോധനയ്‌ക്കിടെ ആരോപിച്ചു. നസറുള്ളയുടെ പ്രസംഗം ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്നതിനിടെ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ബോംബ് വർഷിക്കുകയായിരുന്നു.