കൊൽക്കത്ത: ജാർഖണ്ഡിനെ രക്ഷിക്കുന്നതിന് വേണ്ടി ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. രണ്ട് സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും മമത പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളോടും രണ്ട് രീതിയിലാണ് ദാമോദർ വാലി കോർപ്പറേഷൻ സമീപനമെന്നും, ജാർഖണ്ഡ് സുരക്ഷിതമാക്കുന്നതിന് വേണ്ടി ബംഗാളിലേക്ക് വെള്ളം ഒഴുക്കി വിട്ടെന്നും മമത ആരോപിച്ചു.
ജാർഖണ്ഡിനെതിര രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാനും മമത ഉത്തരവിട്ടു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിലെ പ്രധാന മുന്നണികളാണ് തൃണമൂലും ജെഎംഎമ്മും. ഡിവിസി ചെയർപേഴ്‌സൺ എസ് സുരേഷ് കുമാറുമായും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും, വെള്ളം തുറന്ന് വിടരുതെന്ന് പറഞ്ഞതായും മമത പറയുന്നു. വെള്ളപ്പൊക്കത്തിൽ 26 പേർ മരിക്കുന്ന സാഹചര്യമുണ്ടായി. ഇത് അംഗീകരിക്കാനാകില്ലെന്നും മമത വ്യക്തമാക്കി.
അയൽ സംസ്ഥാനത്തെ അണക്കെട്ടിൽ നിന്ന് എത്രത്തോളം വെള്ളം തുറന്നുവിടുന്നു എന്നതിന്റെ യാതൊരു വിശദാംശങ്ങളും ഡിവിസി കൈമാറിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായതിന് പിന്നിൽ ജാർഖണ്ഡ് ആണെന്ന് ആരോപിച്ച് ഇരു സംസ്ഥാനങ്ങളുടേയും അതിർത്തി പൂർണമായും അടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള മറ്റൊരു വാഹനങ്ങളും ഇതുവഴി കടത്തി വിടുന്നില്ല.
ജാർഖണ്ഡിലേക്കുള്ള ട്രക്കുകളും വാഹനങ്ങളും ബംഗാൾ പൊലീസ് തടഞ്ഞതിന് തിരിച്ചടി നൽകുമെന്ന് ഭരണകക്ഷിയായ ജെഎംഎമ്മും മുന്നറിയിപ്പ് നൽകി. ബംഗാളിന്റെ തീരുമാനത്തിൽ യാതൊരു യുക്തിയുമില്ലെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ബംഗാളിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകളും ലോറികളുമെല്ലാം ജാർഖണ്ഡിൽ തടഞ്ഞ് നിര്‍ത്തും. കനത്ത മഴയെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമായ നിലയ്‌ക്ക് മുകളിലേക്ക് എത്തിയിരുന്നു. അപകടനില കവിഞ്ഞതോടെയാണ് അണക്കെട്ട് തുറന്നത്. കൂടുതൽ അപകടങ്ങൾ തടയുകയാണ് ഇതുവഴി ചെയ്തതെന്നും” സുപ്രിയോ ഭട്ടാചാര്യ പറയുന്നു.
ധൻബാദ്-വെസ്റ്റ് ബർദ്വാർ അതിർത്തിയിലാണ് ബംഗാൾ പൊലീസ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. മഴ കൊണ്ട് ഉണ്ടായ വെള്ളപ്പൊക്കമല്ലെന്നും, അതിനാൽ ബംഗാളിലെ ജനങ്ങൾ കഷ്ടപ്പെടേണ്ട ആവശ്യമില്ലെന്നും മമത പറയുന്നു. അതേസമയം വെള്ളം തുറന്നുവിടുമ്പോൾ പാലിക്കേണ്ട എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതെന്നും, കാലാവസ്ഥയെ കുറിച്ചും വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ചും നേരത്തെ തന്നെ എല്ലാ മുന്നറിയിപ്പുകളും നൽകിയിരുന്നതായി കേന്ദ്രമന്ത്രാലയങ്ങളും വ്യക്തമാക്കി.