ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും, അത്തരത്തിലുള്ള ശക്തികൾക്കെതിരെ അമേരിക്കയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണണെന്നും യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്.
രാജ്യത്ത് സ്‌കൂളുകളിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിനെ കുറിച്ചും കമലാ ഹാരിസ് സംസാരിച്ചു. തന്റെ കൈവശവും ഒരു തോക്ക് ഉണ്ടെന്നും വീടിനുള്ളിലേക്ക് ആരെങ്കിലും അതിക്രമിച്ച് കയറുകയാണെങ്കിൽ അവരെ വെടിവച്ച് വീഴ്‌ത്തുമെന്ന് കമലാ ഹാരിസ് പറഞ്ഞു. എന്നാൽ ഉടൻ തന്നെ കമലാ ഹാരിസ് ഇത് തിരുത്തി പറയുകയും ചെയ്തു. ” ഞാനൊരിക്കലും അങ്ങനെ പറയരുതായിരുന്നു. എന്റെ സുരക്ഷാ ജീവനക്കാർ അത് കൈകാര്യം ചെയ്യുമെന്നും” കമല വ്യക്തമാക്കി.
വോട്ടെടുപ്പിന് 47 ദിവസം മാത്രം ശേഷിക്കെ കമല ഹാരിസും ഡോണൾഡ് ട്രംപും ഇരു നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമാക്കിയിരിക്കുകയാണ്. ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇരുവരും വേഗത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ന്യൂയോർക്ക് ടൈംസ് സർവേയിൽ കമലാ ഹാരിസിന് നേരിയ മുൻതൂക്കം ലഭിച്ചിരുന്നു.
അതേസമയം ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിന് വേണ്ടുന്ന സഹായങ്ങൾ ചെയ്ത് നൽകുന്നതിൽ കമലാ ഹാരിസ് പൂർണമായും പരാജയപ്പെട്ടതായി ട്രംപ് ആരോപിച്ചു. എന്നാൽ ഹമാസ് ഭീകരർ ബന്ദികളാക്കിയ അമേരിക്കക്കാരുടെ കുടുംബാംഗങ്ങളുമായി കമലാ ഹാരിസിന്റെ ടീം കൂടിക്കാഴ്ച നടത്തിയിരുന്നു. ഹമാസ് ബന്ദികളാക്കിയ ഓരോരുത്തരേയും തിരികെ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇവർ അറിയിച്ചു. വിവിധ സംഘടനകളുമായും ഇരുവരും കൂടിക്കാഴ്ച നടത്തുന്നുണ്ട്.















