ഭുവനേശ്വർ: ഭുവനേശ്വറിലെ ഭരത്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവിനും നേരിട്ടത് ക്രൂര പീഡനമെന്ന് റിപ്പോർട്ട്. പൊലീസുകാരിൽ നിന്നും യുവതി നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഭരത്പൂർ പൊലീസ് സ്റ്റേഷന്റെ ഇൻസ്പെക്ടർ ഇൻ ചാർജ്ജ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ഒഡീഷ പോലീസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തന്റെ വേദനാജനകമായ അനുഭവം മാധ്യമങ്ങളോട് വിവരിച്ച യുവതി, ഒരു പൊലീസ് ഇൻസ്‌പെക്ടർ ആക്രമിക്കുന്നതിന് മുമ്പ് തന്നെ തന്റെ നെഞ്ചിൽ ആവർത്തിച്ച് ചവിട്ടിയതായും ക്രൂരമായി മർദ്ദിച്ചുവെന്നും ആരോപിച്ചു. വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ച് ഇടനാഴിയിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സൈനികനെ ലോക്കപ്പിലടച്ചുവെന്നും യുവതി ആരോപിക്കുന്നു.
സെപ്റ്റംബർ 14 ന് രാത്രിയായിരുന്നു സംഭവം. സൈനികനും പ്രതിശുത വധുവും ഭുവനേശ്വറിലെ വീട്ടിലേക്ക് മടങ്ങവെ ഇവരുടെ വാഹനത്തെ ഒരു സംഘം ഗുണ്ടകൾ പിന്തുടരുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ ഭരത്പൂർ സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. തുടർന്നാണ് ഇവർക്ക് ക്രൂരമർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. മർദ്ദനത്തിൽ യുവതിയുടെ താടിയെല്ലിന് ഉൾപ്പെടെ സ്ഥാനചലനം സംഭവിച്ചു.