ചെപ്പോക്ക് ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് ഇന്ത്യൻ പേസ് നിര. അതിഥികൾ 47.1 ഓവറിൽ 149ന് പുറത്തായി. നാലു വിക്കറ്റ് പിഴുത ജസ്പ്രിത് ബുമ്രയാണ് ബംഗ്ലാദേശിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ ഷദ്മാൻ ഇസ്ലമിന്റെ(2) കുറ്റി തെറിപ്പിച്ചാണ് ബുമ്ര വിക്കറ്റ് വേട്ടയ്‌ക്ക് ആരംഭിച്ചത്. തൊട്ടടുത്ത പന്തുകളിൽ സക്കിർ ഹസനെ(3)യും മൊനിമുൾ ഹഖിനെയും (0) കൂടാരം കയറ്റി അകാശ്ദീപ് നിലപാട് വ്യക്തമാക്കി. ഏഴുപേരാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്.
32 റൺസ് നേടിയ മുൻ നായകൻ ഷാക്കിബ് അൽഹസനാണ് ടോപ് സ്കോറർ. ലിറ്റൺ ദാസിനൊപ്പം(22) ഷാക്കിബ് അർദ്ധ സെഞ്ചുറി കൂട്ടുക്കെട്ടുയർത്തിയെങ്കിലും ദാസിനെ വീഴ്‌ത്തി ജഡേജ പാർടണർഷിപ്പ് പൊളിച്ചു. പിന്നാലെ എല്ലാം ചടങ്ങ് മാത്രമായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ബംഗ്ലാദേശുകാർ വെള്ളംകുടിക്കുന്നതാണ് കണ്ടത്. മെഹിദി ഹസൻ(27) പുറത്താകാതെ നിന്നെങ്കിലും പിന്തുണയ്‌ക്കാൻ ആരുമുണ്ടായിരുന്നില്ല. മുഷ്ഫിഖർ റഹീം(8), ഹസൻ മഹ്മൂദ്(9), തസ്കിൻ അഹമ്മദ്(11),നഹിദ് റാണ(11) എന്നിവരാണ പുറത്തായ മറ്റു ബാറ്റർമാർ.
മുഹമ്മദ് സിറാജ്, അകാശ്ദീപ്,ജഡേജ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. 336/6 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം 37 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. അഞ്ചു റൺസെടുത്ത രോഹിത്തും 10 റൺസുമായി യശസ്വി ജയ്സ്വാളുമാണ് പുറത്തായത്. വിരാട് കോലിയും (4), ഗില്ലു(20)മാണ് ക്രീസിൽ.















