ഛത്തീസ്ഗഡ്: യുഎസ് സന്ദർശനത്തിനിടെ സിഖ് സമൂഹത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ മൂന്ന് എഫ്ഐആറുകൾ. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് ഛത്തീസ്ഗഡ് പൊലീസ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിഖ് ആചാരങ്ങളെ അവഹേളിച്ചുവെന്നാരോപിച്ച് ബിജെപി നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. റായ്‌പൂരിലെയും ബിലാസ്പൂരിലെയും സിവിൽ ലൈൻ പൊലീസ് സ്റ്റേഷനുകളിലും ദുർഗിലുള്ള കോട്ട്വാലി പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299, 302 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഇന്ത്യയിൽ കടയും ടർബനും ധരിക്കാനോ ഗുരുദ്വാരയിൽ പോകാനോ സിഖുകൾക്ക് സ്വാതന്ത്ര്യമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന. ഇതിനുപിന്നാലെ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിഖുകാരെ മുറിപ്പെടുത്തുന്നതും മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതുമായ പ്രസ്താവനയാണ് രാഹുൽ നടത്തിയതെന്ന് റായ്‌പൂരിൽ പരാതി നൽകിയ ബിജെപി വക്താവ് അമർജീത് സിംഗ് ചബ്ര പറഞ്ഞു.















