മുംബൈ: കരകൗശല തൊഴിലാളിയിൽ നിന്നും ശിൽപങ്ങൾ വാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം വിശ്വകർമ്മ പദ്ധതിക്ക് കീഴിൽ സംഘടിപ്പിച്ച പ്രദർശനങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ഭഗവാന്റെ ശിൽപം പ്രധാനമന്ത്രി വാങ്ങിയത്. ഡിജിറ്റൽ ഇടപാടുകൾക്കും പ്രാദേശിക കരകൗശല തൊഴിലാളികൾക്കും കേന്ദ്രസർക്കാർ നൽകുന്ന പിന്തുണ അറിയിച്ചുകൊണ്ട് യുപിഐ വഴിയും പ്രധാനമന്ത്രി പണമിടപാട് നടത്തി.
വിശ്വകർമ്മരുടെ പ്രവർത്തനങ്ങൾ സമൂഹം അറിയുന്നതിനും കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷന്തോറും പിഎം വിശ്വകർമ്മ പരിപാടി സംഘടിപ്പിക്കാറുണ്ട്. പിഎം വിശ്വകർമ്മയുടെ എല്ലാ ഗുണഭോക്താക്കളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ പുരോഗതിക്ക് വിശ്വകർമ്മരുടെ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു
വിശ്വകർമ്മ യോജന കേന്ദ്രസർക്കാരിന്റെ പദ്ധതി മാത്രമല്ല. പരമ്പരാഗത കഴിവുകളോടുള്ള ബഹുമാനമാണ് പരിപാടിയിലൂടെ പ്രകടമാകുന്നത്. കരകൗശല തൊഴിലാളികളുടെ ശാക്തീകരണവും അഭിവൃദ്ധിയുമാണ് പദ്ധതി ലക്ഷ്യം വയ്‌ക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.















