പത്തനംതിട്ട: നഗരത്തിൽ കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുൺ മോഹൻ, ഹരിപ്പാട് സ്വദേശി ആദർശ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം.
കടുവ ഇറങ്ങിയിട്ടുണ്ടെന്നും പുറത്തിറങ്ങരുതെന്നും ഇവർ നാട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് കടുവയുടെ ചിത്രം ഉൾപ്പെടെ പുറത്തുവിട്ട് യുവാക്കൾ സമൂഹമാദ്ധ്യമത്തിലൂടെ വ്യാജ പ്രചരണം നടത്തി.
രാത്രി വഴിയോരത്ത് കടുവ നിൽക്കുന്ന ചിത്രമാണ് മൂവരും പ്രചരിപ്പിച്ചത്. പാക്കണ്ടത്ത് കടുവയിറങ്ങി എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിത്രം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ യുവാക്കളെ പിടികൂടുകയായിരുന്നു.















