ബെയ്‌റൂത്ത്: ലെബനനിൽ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ തലസ്ഥാന നഗരമായ ബെയ്‌റൂത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. 8 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേറ്റെന്നും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബർ 7 ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. ആക്രമണത്തിൽ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ യൂണിറ്റിന്റെ തലവൻ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുനടന്ന പേജർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ആക്രമണം ശക്തമായത്. സംഭവത്തിനുപിന്നിൽ ഇസ്രായേലാണെന്നും പ്രതികാരം വീട്ടുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഹിസ്ബുള്ള നേതാവ് ഹസൻ നസറല്ല നടത്തിയിരുന്നു. ജൂലൈയിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറായ ഫുആദ് ഷുക്കറും ജനുവരിയിൽ സഖ്യകക്ഷിയായ ഹമാസിന്റെ തലവൻ സലേഹ് അൽ-അരൂരിയും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.