ലഡാക്ക്: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിർത്തിയിൽ കാവൽ നിൽക്കുന്നവരാണ് സൈനികർ. കാവൽക്കാർക്ക് ശക്തിയേകാനായി നിരവധി യുദ്ധോപകരണങ്ങളും വിമാനങ്ങളുമൊക്കെയുണ്ട്. അത്തരത്തിൽ സൈന്യത്തിന്റെ പ്രധാനപ്പെട്ട യുദ്ധവിമാനമാണ് ധ്രുവ് ഹെലികോപ്റ്റർ.
പകൽ സമയത്ത് ഞൊടിയിടയിൽ ശത്രുവിനെ നേരിടുന്ന ധ്രുവ് ഹെലികോപ്റ്ററുകൾ രാത്രിയിൽ പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ലഡാക്കിലെ മലനിരകളിലാണ് അതിസങ്കീർണമായ ദൗത്യം സൈന്യം നടത്തിയത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച തദ്ദേശീയ എയർക്രാഫ്റ്റ് ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ഇരുട്ടിലും കരുത്തറിയിച്ചത്.
ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് നേതൃത്വം നൽകിയ ആർമി ഉദ്യോഗസ്ഥനായ ഹവീന്ദർ സിംഗ് പറഞ്ഞു. രാത്രിയിലെ പറക്കൽ വ്യക്തത കുറയ്‌ക്കുന്നുണ്ട്. താപനിലയും കാലാവസ്ഥയും വരും നാളുകളിൽ പ്രതികൂലമാകും. രണ്ട് മാസത്തിനുള്ളിൽ മൈസ് 30 വരെയാകും ലഡാക്കിലെ തണുപ്പ്. ഈ സാഹചര്യത്തിൽ പൈലറ്റ് പത്ത് മിനിറ്റ് വിമാനം പറത്തിയതിന് ശേഷം താഴേയ്‌ക്ക് ഇറങ്ങേണ്ട വരുമെന്ന് അദ്ദേഹം പറഞ്ഞു.
പഴതടച്ച സുരക്ഷ ഉറപ്പിക്കിയതിന് ശേഷമായിരുന്നു പരീക്ഷണ പറക്കലെന്ന് ടെക്നിക്കൽ സൂപ്പർവൈസർ ആയുഷ് ദേവ്ലിയാൽ പറഞ്ഞു. രാത്രിയിലെ കാറ്റിന് ശക്തി താരതമ്യേന കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ കരുത്താണ് പുത്തൻ പരീക്ഷണത്തിലൂടെ തെളിക്കപ്പെട്ടിരിക്കുന്നത്.















